ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 ൻ്റെ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. മൂന്നാം തരംഗം വരുമെന്നത് യാഥാര്‍ഥ്യമാണെന്നും അതിനെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പ് നടത്തുന്നതായും കെജരിവാൾ വ്യക്തമാക്കി.
കോവിഡ് മൂന്നാം തരംഗം ഉണ്ടാകരുതെന്നാണ് പ്രാര്‍ഥന, ഒരു പക്ഷെ അത്തരമൊരു സാഹചര്യമുണ്ടായാല്‍ സംസ്ഥാനം ഒറ്റക്കെട്ടായി അതിനെ നേരിടുമെന്നും കെജരിവാൾ പറഞ്ഞു. പുതിയ സ്ഥാപിച്ച ഓക്സിജന്‍ പ്ലാൻറ്റ്കൾളുടെ വെര്‍ച്വല്‍ ഉത്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ ഒൻപത് ആശുപത്രികളിലായി 22 ഓക്സിജന്‍ പ്ലാൻറ്റ്കളാണ് സ്ഥാപിച്ചത്. കോവിഡിനെതിരെയുള്ള പോരാട്ടത്തിന് ഇത് കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ ജനങ്ങള്‍ രണ്ടാം തരംഗത്തിനെതിരെ ഒറ്റകെട്ടായി നിന്നാണ് പൊരുതിയതെന്നും പ്രതിസന്ധിമധ്യത്തിലും അച്ചടക്കത്തോടെയും സമചിത്തതയോടെയും വ്യാപനത്തെ നിയന്ത്രിക്കാന്‍ ജനങ്ങള്‍ക്ക് സാധിച്ചതായും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കോവിഡ് പോരാട്ടത്തില്‍ ഒപ്പം നിന്ന വ്യാവസായിക മേഖലയ്ക്ക് അദ്ദേഹം പ്രത്യേക നന്ദിയറിയിച്ചു.


