പാലാ കെഎം മാണി സ്മാരക ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം കേസുകള്‍ക്കായി ഫോറന്‍സിക് വിഭാഗം ആരംഭിച്ചു. ആധുനിക മോര്‍ച്ചറി സംവിധാനം ഉള്‍പ്പെടെയുള്ള ആശുപത്രിയില്‍ ഫോറന്‍സിക് തസ്തിക അനുവദിച്ച് സര്‍ജനെ നിയമിച്ചതോടെയാണ് പുതിയ വിഭാഗം പ്രവര്‍ത്തന സജ്ജമായത്. 11 മുതല്‍ ഫോറന്‍സിക് വിഭാഗം പ്രവര്‍ത്തിച്ചു തുടങ്ങും.
കെഎം മാണി മന്ത്രിയായിരുന്നപ്പോള്‍ ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റ് അനുവദിക്കുകയും ഇതിനായി 78 ലക്ഷം രൂപ ചിലവഴിച്ച് 8 ഫ്രീസര്‍ സൗകര്യമുള്ള കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പില്‍ ഫോറന്‍സിക് തസ്തിക സൃഷ്ടിച്ച് ഡോക്ടര്‍മാരെ നിയമിക്കാത്തതിനാല്‍ ഈ വിഭാഗം പ്രവര്‍ത്തിച്ചില്ല. പിന്നീട് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫോറന്‍സിക് വിഭാഗം ആശുപത്രിയില്‍ സജ്ജമാകുന്നത്.
ഫോറന്‍സിക് സര്‍ജനായി ഡോ. സെബിന് കെ സിറിയക് ചുമതലയേറ്റു. പുതിയ വിഭാഗത്തിനായി പ്രത്യേക ഓഫീസും ഉപകരണങ്ങളും സജ്ജീകരിച്ചു. രാവിലെ ഒന്‍പത് മുതല്‍ നാല് വരെയാകും പ്രവര്‍ത്തനം. പൊലീസ് ഫോറന്‍സിക് സര്ജന് നേരിട്ട് ചെയ്യേണ്ടതല്ലാത്ത എല്ലാ പോസ്റ്റ്മോര്‍ട്ടം കേസുകളും ഇനി മുതല്‍ പാലാ ആശുപത്രിയില്‍ നടത്താനാകും. ഏത് സമയവും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കി ഹൗസ് സര്‍ജന്‍സി വിഭാഗവും ആശുപത്രിയില്‍ ആരംഭിച്ചിട്ടുണ്ട്.


