ഇടുക്കി ഡാമില്‍ ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2391.04 അടിയിലെത്തിയതിനാലാണ് ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികള്‍ സൂഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 20 ന് മുന്‍പേ ജലനിരപ്പ് 2396.85 അടിയിലെത്തിയാല്‍ ഓറഞ്ച് അലേര്‍ട്ടും, 2397.85 അടിയിലെത്തിയാല്‍ റെഡ് അലേര്‍ട്ടും പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാല്‍ ഡാം തുറക്കും.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളായി ശക്തമായ മഴ പെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് വാളയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രാവിലെ പതിനൊന്നിന് ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് ജലസേചന ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോരയാര്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്കി. ഡാമിന്റെ പരമാവധി ജലസംഭരണശേഷി 203 മീറ്ററാണ്.


