കൊച്ചി: താരസംഘടനയായ അമ്മയിലെ തമ്മിൽ തല്ല് തുടരുന്നതിനിടെ ടിനി ടോമിനെതിരെ അൻസിബ നിയമ നടപടിക്കൊരുങ്ങുന്നു. ലക്ഷ്മിപ്രിയയുടെ പരാതിയിൽ തന്നെ വിളിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥക്കെതിരെയും അൻസിബ പരാതി നൽകി. അതിനിടെ അമ്മ പ്രസിഡണ്ട് ശ്വേതാ മോനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിൽ ചർച്ച നടത്തി.
അമ്മ പ്രസിഡണ്ട് ശ്വേത മേനോനും ജനറൽ സെക്രട്ടറി കുക്കുപരമേശ്വരനും ചേരി തിരിയുകയും ഭരവാഹികൾക്കിടയിൽ വേറെയും ഗ്രൂപ്പുകളുണ്ടാകുകയും ചെയ്തതോടെ അമ്മയുടെ പ്രവർത്തനം സ്തംഭിച്ചു. ടിനി ടോമിനും ലക്ഷ്മിപ്രിയക്കുമെതിരെ വംശീയ അധിക്ഷേപം അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് ജോയിൻറ് സെക്രട്ടറി അൻസിബ ഹസൻ രാജി വെക്കുകയും ചെയ്തു.ഇതിന് പിറകേ സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് ഭാരവാഹികൾ ആരോപണങ്ങളുമായി രംഗത്തുവന്നു. പിന്നാലെയാണ് ടിനിടോമിനെതിരെ നിയമനടപടി സ്വീകരിക്കാൻ അൻസിബയുടെ നീക്കം.
ശ്വേത മേനോനും കുക്കുപരമേശ്വരനും തമ്മിൽ സസംസാരിച്ച് പ്രശ്ന പരിഹാരത്തിന് നീക്കം ആരംഭിച്ചിട്ടുണ്ട്. ഭാരവാഹികൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ ഇരുവർക്കും മാത്രമായി പ്രശ്ന പരിഹാരം ഉണ്ടാക്കാന്‍ സാധിക്കില്ല. മമ്മൂട്ടിയും മോഹൻലാലും വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെങ്കിലും തത്കാലം ഇടപെടില്ല എന്ന നിലപാടിലാണ്. അടുത്ത മാസം ചേരുന്ന അമ്മ ജനറൽ ബോഡിയിൽ നിലവിലെ കമ്മിറ്റി തുടരണോ എന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.


