ടോക്കിയോ: ഒളിമ്പിക്സ് ബോക്സിംഗില്‍ ഇന്ത്യയുടെ മേരി കോമിന് മുന്നേറ്റം. വനിതകളുടെ ഫ്ലൈവെയ്റ്റ് വിഭാഗത്തില്‍ മേരി കോം പ്രീക്വാര്‍ട്ടറില്‍ കടന്നു. ഡൊമനിക്കന്‍ റിപ്പബ്ലിക് താരം മിഗ്വേലിന ഹെര്‍ണാണ്ടസായിരുന്നു എതിരാളി. 4-1 ന് അനായാസമായാണ് തന്നെക്കാള്‍ 15 വയസ് ഇളപ്പുള്ള എതിരാളിയെ ഇന്ത്യന്‍ ബോക്സര്‍ മേരി കോം പരാജയപ്പെടുത്തിയത്.
അടുത്ത റൗണ്ടില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലെന്‍സിയയാണ് മേരി കോമിന്റെ എതിരാളി. റിയോ ഒളിമ്പിക്സിലെ വെങ്കലമെഡല്‍ ജേതാവാണ് വലെന്‍സിയ. ഇരുവരും നേരത്തെ ഒരു തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം മേരി കോമിനൊപ്പമായിരുന്നു.
ബോക്സിംഗ് ഫ്ളൈവെയ്റ്റ് ഇനത്തിലാണ് മേരി കോം മത്സരിച്ചത്. ആദ്യ രണ്ട് റൗണ്ടുകളിലും മേരി കോമിന് വ്യക്തിമായ ആധിപത്യമുണ്ടായിരുന്നു. ആദ്യ റൗണ്ടിൽ മൂന്ന് ജഡ്ജസ് മേരി കോമിന് 10 പോയിന്റുകൾ വീതം നൽകി. ഡൊമിനിക്കൻ താരത്തിന് രണ്ട് പത്ത് പോയിന്റുകൾ മാത്രമാണ് ലഭിച്ചത്. നിരന്തരം പഞ്ചുകളും ഹുക്കുകളുമായി ഡൊമിനിക്കൻ താരത്തെ വിറപ്പിച്ച മേരി കോം ഒടുവിൽ പ്രീക്വാർട്ടറിലേക്ക് അനായാസ വിജയം നേടി പ്രീക്വാര്‍ട്ടറില്‍ കടക്കുകയായിരുന്നു.