ഫഹദ് ഫാസിലിൻ്റെ ബിഗ് ബഡ്ജറ്റ് ചിത്രം മാലിക് ടെലിഗ്രാമില്‍. ചിത്രത്തിൻ്റെ വ്യാജ പകര്‍പ്പ് ടെലിഗ്രാമിലെ വിവിധ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. ആമസോണില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ചിത്രം ചോര്‍ന്നത്.
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട്, നിമിഷ സജയന് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിച്ചത്.
ചിത്രത്തില്‍ സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. ഇരുപത് വയസ് മുതല്‍ 55 വയസുവരെയുള്ള സുലൈമാൻ്റെയും, അയാളുടെ തുറയുടെയും ജീവിതത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിനായി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് ആരാധകരെ ഞെട്ടിച്ചിരുന്നു. ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള അനീതികള്‍ക്കെതിരായ ജീവിത സമരം ഉള്‍പ്പെടുന്ന യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പൊളിറ്റിക്കല്‍ ഡ്രാമയാണ് ‘മാലിക്’.


