നോട്ട്ബുക്കിലൂടെ മലയാള ചലച്ചിത്രലോകത്തേക്ക് ചുവടുവച്ച താരമാണ് റോമ. 2017ൽ റിലീസ് ചെയ്ത സത്യ എന്ന മലയാള ചിത്രത്തിലാണ് റോമ അവസാനമായി അഭിനയിച്ചത്. നായികയായും സഹനായികയായും മലയാളസിനിമയിലെ മുൻനിര നായികമാരുടെ ശ്രേണിയിലേക്ക് ഉയരുന്നതിനിടെയായിരുന്നു സിനിമയിൽനിന്നും റോമ അപ്രത്യക്ഷയാകുന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് താരം. നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന ‘വെളേളപ്പം’ എന്ന ചിത്രത്തിലൂടെയാണ് റോമ മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നത്. പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണനും അഡാറ് ലവിലൂടെ ശ്രദ്ധേയയായ നൂറിന് ഷെരീഫുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിൽ അക്ഷയ്യുടെ സഹോദരിയുടെ വേഷത്തിലാണ് റോമ എത്തുന്നത്. വൈശാഖ് രാജന്, ഫഹിം സഫര്‍, സനിഫ് തുടങ്ങിയവരും ചിത്രത്തിലെ മറ്റ്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്റിക് കോമഡി എന്റര്‍ടെയ്നറായ ചിത്രം ജോസ് ചക്കാലക്കല്‍ ആണ് നിർമ്മിക്കുന്നത്.

