ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഴ്ചകളായി കാത്തിരുന്ന വാര്‍ത്തയുമായി എഐസിസി നേതൃത്വം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചെന്നും രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്നും എ കെ ആന്റണി പറഞ്ഞു.
എ കെ ആന്റണിയുടെ പ്രഖ്യാപനം ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് എത്തിയ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആര്‍പ്പുവിളിയോടെയാണ് സ്വീകരിച്ചത്. തങ്ങള്‍ ആവേശത്തോടെ കാത്തിരുന്ന വാര്‍ത്തയാണെന്നും പ്രവര്‍ത്തകരുടെ വികാരം കോണ്‍ഗ്രസ് അധ്യക്ഷന്‍ മനസ്സിലാക്കിയെന്നും വയനാട് ഡിസിസി അധ്യക്ഷന്‍ മാധ്യമങ്ങളോടു പറഞ്ഞു.
നിലവിലെ ദേശീയ സാഹചര്യത്തില്‍ ദക്ഷിണേന്ത്യയില്‍ ഒരു സീറ്റില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നതായി എ കെ ആന്റണി പറഞ്ഞു. കര്‍ണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന അഭ്യര്‍ത്ഥന ലഭിച്ചു. എന്നാല്‍ മൂന്ന് സംസ്ഥാനങ്ങളിലേയ്ക്കുമുള്ള വാതില്‍ എന്ന നിലയ്ക്ക് വയനാട് ലോക്സഭാ മണ്ഡലം തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി രണ്‍ദീപ് സുര്‍ജേവാലാ, അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളും പത്രസമ്മേളനത്തിന് എത്തിയിരുന്നു.
രാഹുല്‍ ഗാന്ധിക്ക് വയനാട് മത്സരിക്കാന്‍ താന്‍ പിന്മാറുന്നുവെന്ന് നേരത്തെ ടി സിദ്ദിഖ് പ്രഖ്യാപിച്ചിരുന്നു. ഇത് ഏത് കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന അംഗീകാരമാണ്. തനിക്ക് അഭിമാനമാണ്. ഇതിലും വലിയ അംഗീകാരം കിട്ടാനില്ല.രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വയനാട്ടിലെ ജനങ്ങള്‍ക്ക് അനന്ത വികസന സാധ്യതകള്‍ തുറക്കാനുള്ള അവസരമാണ് നല്‍കുന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ വിശ്വസ്ത പ്രചാരകരായി മുന്നോട്ട് പോകുമെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.
രാജ്യത്തിന് പ്രധാനമന്ത്രിയെ കൊടുക്കാന്‍ കേരളത്തിന് ലഭിക്കുന്ന സുവര്‍ണാവസരമാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വയനാടിന് ഉറപ്പാകുന്നത്. ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുഴുവന്‍ അലയൊലികള്‍ ഉണ്ടാകും. പല സംസ്ഥാനങ്ങളും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഈ ആവശ്യവുമായി രംഗത്തെത്തി. എന്നാല്‍ ഭാഗ്യം കിട്ടിയത് കേരളത്തിലെ വയനാട് പാര്‍ലമെന്റിനാണ്.
രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ പ്രഖ്യാപനം ഉടനെന്ന് സൂചന