തൃശ്ശൂര്‍: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ചേലക്കരയില്‍ മൂന്നു മുന്നണികളും വിജയപ്രതീക്ഷയില്‍. ആര് ജയിച്ചാലും വലിയ ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് പൊതുവേ വിലയിരുത്തല്‍.
കഴിഞ്ഞ നിയമസഭാമത്സരത്തിലെ വലിയ ഭൂരിപക്ഷം ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് വിജയം ഉറപ്പെന്ന് അവകാശപ്പെടുന്നത്. ജനകീയനായ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഏറെ സ്വീകാര്യനായ സ്ഥാനാര്‍ഥിയാണ് മറ്റൊരു ഘടകം. പ്രതിച്ഛായ ഒട്ടും കുറയാത്ത വ്യക്തി വീണ്ടും സ്ഥാനാര്‍ഥിയാകുമ്പോള്‍ വോട്ടുനിലയിലും ഭൂരിപക്ഷത്തിലും എന്തിനു ഭയക്കണമെന്നാണ് മുന്നണിയുടെ ചോദ്യം. ഭരണവിരുദ്ധവികാരവും തിരഞ്ഞെടുപ്പുനാളുകളില്‍ സി.പി.എമ്മും മുന്നണിയും നേരിട്ട ആരോപണങ്ങളും പ്രതിസന്ധികളും ഒട്ടുംതന്നെ ഉറച്ച വോട്ടുകളെ ബാധിക്കില്ലെന്നാണ് വിധിയെഴുത്തിനു പിറ്റേന്ന് നടത്തിയ അവലോകനത്തില്‍ കണ്ടെത്തിയത്. കാലങ്ങളായി മുന്നണിക്കൊപ്പംനിന്ന മണ്ഡലത്തില്‍ ചാഞ്ചാട്ടമുണ്ടാകില്ലെന്നും നേതൃത്വം വിലയിരുത്തുന്നു.
തിരഞ്ഞെടുപ്പെന്നാണെന്നും സ്ഥാനാര്ഥിയാരാണെന്നും അറിയുന്നതിന് നാലുമാസം മുന്‍പേ നടത്തിയ പ്രചാരണ മുന്നൊരുക്കങ്ങള്‍ മാത്രം മതി വിജയം ഉറപ്പിക്കാനെന്നാണ് യു.ഡി.എഫ്. കേന്ദ്രങ്ങള്‍ പറയുന്നത്. തിരഞ്ഞെടുപ്പുകഴിഞ്ഞ് നടത്തിയ അവലോകനത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് നല്ല ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് വിലയിരുത്തിയത്. ഭരണവിരുദ്ധവികാരം അലയടിക്കുമെന്നും അതെല്ലാം യു.ഡി.എഫിന് അനുകൂലമാകുമെന്നുമാണ് കരുതുന്നത്. അതിലുപരിയായി മണ്ഡലത്തില്‍ പുതുതായി ചേര്‍ത്ത വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നും യു.ഡി.എഫ്. ഉറപ്പിക്കുന്നു.
ഉപതിരഞ്ഞെടുപ്പിനായി പുതുതായി വോട്ടര്പ്പട്ടികയിലിടംപിടിച്ച 9,000 പേരില്‍ 6,000 പേരെ ചേര്‍ത്തത് തങ്ങളാണെന്ന് യു.ഡി.എഫ്. അവകാശപ്പെടുന്നു. ബി.ജെ.പി.ക്ക് മുന്‍തൂക്കമുള്ള തിരുവില്വാമല പഞ്ചായത്തിലെ 1,055 പുതിയ വോട്ടര്‍മാരില്‍ 1,044 പേരെ ചേര്‍ത്തതും യു.ഡി.എഫ്. ആണെന്നും അവകാശപ്പെടുന്നുണ്ട്. പോളിങ്ദിവസം ബൂത്തിലേക്ക് ഒഴുകിയെത്തിയ സ്ത്രീസാന്നിധ്യം രമ്യയ്ക്കു മാത്രം അനുകൂലമാണെന്നാണ് വിലയിരുത്തല്‍. സ്ത്രീവോട്ടര്‍മാരെ രമ്യ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ലോക്സഭാമത്സരത്തില് ചേലക്കര നിയമസഭാമണ്ഡലത്തിലെ ഭൂരിപക്ഷം കുറയ്ക്കാനായത് ഇതിനുദാഹരണമാണെന്നും യുഡിഎഫ് ക്യാമ്പുകള്‍ ചൂണ്ടികാട്ടുന്നു.
2021-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍നിന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ. രാധാകൃഷ്ണന് ജയിച്ചത് 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. എന്നാല്‍, 2024-ലെ ലോക്സഭാമത്സരത്തില് ആലത്തൂരില്‍നിന്ന് രാധാകൃഷ്ണന് ജയിച്ചപ്പോള്‍ ചേലക്കര നിയമസഭാമണ്ഡലത്തിലെ ഭൂരിപക്ഷം 5,173 ആയിരുന്നു. ഇവിടെ അന്ന് രാധാകൃഷ്ണനെതിരേ മത്സരിച്ച രമ്യയാണ് ഇക്കുറി നിയമസഭയിലേക്ക് മത്സരിച്ചത്. മണ്ഡലത്തിലെ 5,173 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പകുതി നേടിയാല്‍ വിജയം സുനിശ്ചിതമാണെന്ന് യു.ഡി.എഫ്. കരുതുന്നു. അതിനായുള്ള എല്ലാ അനുകൂലഘടകങ്ങളും ഉണ്ടായിരുന്നെന്നാണ് ഉറപ്പിക്കുന്നത്.
എന്‍.ഡി.എ. ചേലക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കുന്നത് തൃശ്ശൂരില്‍ സുരേഷ് ഗോപി നേടിയ വിജയത്തെ ആധാരമാക്കിയാണ്. തൃശ്ശൂരില്‍ കാഴ്ചവെച്ച അതേ രീതിയിലുള്ള പ്രവര്‍ത്തനമാണ് ചേലക്കരയിലും ഉണ്ടായിരുന്നത്. 2019-ല്‍ തൃശ്ശൂരില്‍ 2,93,822 വോട്ടുനേടിയ സുരേഷ് ഗോപി 2024-ല്‍ 4,12,338 വോട്ട് നേടി. 1,18,516 വോട്ടാണ് മുന്‍ തിരഞ്ഞെടുപ്പിനെക്കാള്‍ കൂടിയത്. ഇതേ രീതിയിലുള്ള പ്രവര്‍ത്തനം ചേലക്കരയില്‍ നടത്തിയെന്നും അതിനാല്‍ കെ. ബാലകൃഷ്ണന്റെ വിജയം ഉറപ്പാണെന്നും എന്‍.ഡി.എ. വിലയിരുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 24,000 വോട്ട് പിടിച്ച ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പില്‍ 29,000 ത്തോളം വോട്ട് നേടി. ഉറച്ച 30,000 വോട്ടുകള്‍ മണ്ഡലത്തിലുണ്ടെന്നും ഇത്തവണ 35,000 വോട്ട് കടക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.
ആത്മവിശ്വാസം വേണ്ടുവോളമുണ്ടെങ്കിലും ജാഗ്രത വേണമെന്നായിരുന്നു അവസാനഘട്ടത്തിലെ മൂന്നു മുന്നണികളുടേയും വിലയിരുത്തല്‍. അതിനാലാണ് വന്‍ ഭൂരിപക്ഷം എന്ന സ്ഥിരം പല്ലവി മുന്നണി നേതൃത്വങ്ങള്‍ ഒഴിവാക്കുന്നത്.