കൊല്‍ക്കത്ത: 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ മുന്നണി രൂപവത്കരിക്കാന്‍ ഒരുക്കമായതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് പരിപാടിയെ അഭിസംബോധന ചെയ്യവേയാണ് പ്രഖ്യാപനം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് എന്നിവരും മറ്റു ചില നേതാക്കളും ചേര്‍ന്ന് ‘ഖേല ഹോബ്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബിജെപിക്കെതിരായ പ്രചാരണം തൃണമൂല്‍ നടത്തുകയെന്നും മമത പറഞ്ഞു.
മമതപറഞ്ഞത്:…………..
ഞാന്‍, നിതീഷ് കുമാര്‍, ഹേമന്ത് സോറന്, അഖിലേഷ് യാദവ് തുടങ്ങി നിരവധി പേര് 2024ല്‍ ഒന്നിക്കും. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കൈകോര്‍ക്കും. നമ്മളെല്ലാം ഒരു വശത്തും ബി.ജെ.പി മറുവശത്തുമായിരിക്കും. ബി.ജെ.പിയുടെ 300 സീറ്റുകളുടെ അഹങ്കാരം അതിന്റെ ശത്രുവായിരിക്കും. 2024ല്‍ ‘ഖേല ഹോബ്’ ഉണ്ടാകും’ മമത പറഞ്ഞു. ബിജെപിയുടെ ധിക്കാര സമീപനത്തില്‍ ജനങ്ങള്‍ രോഷാകുലരാകും. ഝാര്‍ഖണ്ഡ് സര്‍ക്കാരിനെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിക്കാനുള്ള നീക്കം തടഞ്ഞത് ബംഗാള്‍ സര്‍ക്കാരാണെന്നും മമത അവകാശപ്പെട്ടു. ഝാര്‍ഖണ്ഡിലെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പണവുമായി ബംഗാളില്‍ പിടിയിലായിരുന്നു. ഇത് സൂചിപ്പിച്ചുകൊണ്ടായിരുന്നു മമതയുടെ അവകാശവാദം.


