പിണറായിയുടെ സ്വന്തം പി.സി. ജോര്‍ജ്ജ്, പൂഞ്ഞാര്‍ തെക്കേക്കരയിലെ കൂട്ടുകച്ചവടം തൃക്കാക്കരയിലേക്കും വളരുന്നു. തന്റെ സ്വന്തമാളാണ് തൃക്കാക്കരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയെന്ന് വെളിപ്പെടുത്തിയത് പി.സി. ജോര്‍ജ്ജാണ്. ഇത് വിവാദമായെങ്കിലും കൃത്യമായ ഉത്തരം നല്കാതെയുള്ള ഒളിച്ചു കളിയിലാണ് സിപിഎം. അതേസമയം, പിണറായി- പി.സി. ജോര്‍ജ്ജ് കൂട്ടുകെട്ട് തൃക്കാക്കരയില്‍ മാത്രമല്ല, അതിനും മുമ്പ് പൂഞ്ഞാറിലെ തെക്കേക്കര മുതലേയുണ്ട്. കൂട്ടുകച്ചവടമെന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടെന്ന വാദം ശക്തമാകുകയാണ്.
സ്ഥാനാര്‍ത്ഥിയുമായുള്ള പി.സി. ജോര്‍ജിന്റെ അടുപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ശക്തമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിനൊന്നും കൃത്യമായ മറുപടി നല്കാന് സി.പി.എമ്മിന് കഴിയുന്നില്ല.
പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത് സി.പി.എം ഭരിക്കുന്നത് പി.സി ജോര്‍ജിന്റെ സഹായം കൊണ്ടാണെന്ന ഗുരുതരമായ ആരോപണവും വി.ഡി. സതീശന് ഇന്ന് ഉന്നയിച്ചു. പതിനാല് വാര്‍ഡുള്ള പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്തിന്റെ പ്രസിന്റ് സി.പി.എമ്മിന്റെ ജോര്‍ജ് മാത്യുവാണ്.
മൂന്ന് അംഗങ്ങള്‍ മാത്രമാണ് സിപിഎമ്മിന് ഉള്ളത്. പി.സി. ജോര്‍ജിന്റെ ജനപക്ഷത്തിന് നാല് അംഗങ്ങളും കോണ്‍ഗ്രസിന് നാല് അംഗങ്ങളുമാണ് പഞ്ചായത്തിലുള്ളത്. സി.പി.ഐക്ക് ഒരംഗവും കേരള കോണ്‍ഗ്രസ് മാണിക്ക് ഒരംഗവും ഉണ്ട്. ഒരാള്‍ സ്വതന്ത്രനും. കക്ഷിനില അനുസരിച്ച് പി.സി. ജോര്‍ജിന്റെ നാല് അംഗങ്ങളുടെ സഹായം കൊണ്ട് മാത്രമാണ് സി.പി.എം പഞ്ചായത്ത് ഭരിക്കുന്നത്. പി.സി. ജോര്‍ജ് പാലം വലിച്ചാല്‍ സി.പി.എമ്മിന് പഞ്ചായത്ത് നഷ്ടപ്പെടും.

വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിച്ചതും ക്ഷണനേരം കൊണ്ട് ജാമ്യം ലഭിച്ചതും പിണറായിയും പി.സി ജോര്‍ജും തമ്മിലുള്ള അന്തര്നാടകമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.
പി.സി. ജോര്‍ജിന്റെ അടുപ്പക്കാരനെ തൃക്കാക്കരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയതും ഈ നാടകത്തിന്റെ അടുത്ത രംഗമാണെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണെന്ന് വിമര്‍ശനം ശക്തമാണ്. തൃക്കാക്കരയില്‍ ബി.ജെ.പി നിര്‍ണായക ശക്തിയല്ലെന്നും സി.പിഎമ്മിന്റെ ജോ ജോസഫ് നല്ല സ്ഥാനാര്ത്ഥിയാണെന്നുമായിരുന്നു ബി.ജെ.പി പ്രസിഡന്റിനെ സന്ദര്‍ശിച്ചതിനു ശേഷമുള്ള പി.സി. ജോര്‍ജിന്റെ പ്രതികരണം.
തൃക്കാക്കരയിലെ ബി.ജെ.പി വോട്ടുകള്‍ തന്റെ അടുപ്പക്കാരനായ സിപിഎം സ്ഥാനാര്‍ത്ഥിക്ക് മറിക്കുക എന്ന ദൗത്യവും പി.സി. ജോര്‍ജിന്റെ അജണ്ടയിലുണ്ടോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. സി.പി.എമ്മില്‍ വിഎസ് അച്യുതാനന്ദനുമായി അടുത്ത ബന്ധമുണ്ടായിരുന്ന പി.സി ജോര്‍ജ് പിണറായി മുഖ്യമന്ത്രിയായതോടെ പിണറായിയുടെ അടുപ്പക്കാരനാവുകയായിരുന്നു.
ഇടക്കിടയുള്ള പിണറായി വിമര്‍ശനമെല്ലാം ജോര്‍ജിന്റെ നാടകമാണ് എന്നതിന്റെ തെളിവാണ് പൂഞ്ഞാര്‍ തെക്കേക്കരയിലെ ഗ്രാമ പഞ്ചായത്ത് ഭരണം. തൃക്കാക്കരയില്‍ അടുപ്പക്കാരനെ ജയിപ്പിക്കാന്‍ പതിനെട്ടടവും പയറ്റുന്ന ജോര്‍ജിന്റെ യത്ഥാര്‍ത്ഥ മുഖം പുറത്ത് കൊണ്ട് വരാന്‍ തെരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ പ്രതിപക്ഷത്തിന് സാധിച്ചു. അതിന് സഹായകമായത് പി.സി.ജോര്‍ജിന്റെ വിടുവ പ്രസ്താവനകളാണെന്നും കോണ്‍ഗ്രസ് തുറന്നടിച്ചു.


