തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് പ്രകടന പത്രിക ‘ഇന്ദിരാ ഗ്യാരന്റി’ പുറത്തിറക്കി. ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുന്നതിനൊപ്പം സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും മുൻഗണന നൽകുന്ന നിരവധി സുപ്രധാന പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്. ഉമ്മൻചാണ്ടിയുടെ പേരിൽ സൗജന്യ ആരോഗ്യ ഇൻഷുറൻസും, സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാൻ പ്രത്യേക വകുപ്പും പത്രിക വിഭാവനം ചെയ്യുന്നു.
ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർധിപ്പിക്കുമെന്നും, സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപവരെയുള്ള സൗജന്യ ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പിലാക്കും എന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. കൂടാതെ, സാമൂഹിക സുരക്ഷാ പെൻഷൻ ഔദാര്യത്തിനു പകരം അവകാശമാക്കുന്നതിനായി നിയമം കൊണ്ടുവരുമെന്നും പത്രികയിൽ വ്യക്തമാക്കുന്നു.
സ്ത്രീ ശാക്തീകരണത്തിനും യുവജനക്ഷേമത്തിനും വിദ്യാഭ്യാസത്തിനും പ്രകടന പത്രിക വലിയ പ്രാധാന്യം നൽകുന്നുണ്ട്. കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം നൽകുമെന്നും , യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് അഞ്ച് ലക്ഷം രൂപയുടെ പലിശ രഹിത വായ്പ ലഭ്യമാക്കുമെന്നും പത്രിക പറയുന്നു. സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക കുറ്റകൃത്യങ്ങളും സ്ത്രീധന പീഡനങ്ങളും തടയാൻ ‘അവൾക്കൊപ്പം’ പദ്ധതിയും , സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനായി ‘ഷീ ഹോസ്പിറ്റൽ’ സംവിധാനവും ആരംഭിക്കും.
വിദ്യാഭ്യാസ മേഖലയിൽ വയനാട് ജില്ലയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ‘ട്രൈബൽ യൂണിവേഴ്സിറ്റി’ സ്ഥാപിക്കുമെന്നും , ക്യാമ്പസുകളിൽ റാഗിങ് തടയാൻ ‘Sidharthan Anti ragging & Student Welfare Act’ നടപ്പിലാക്കുമെന്നും , വിദ്യാർഥികൾക്കെതിരായ ജാതീയ വിവേചനങ്ങൾ അവസാനിപ്പിക്കാൻ ‘രോഹിത് വെമുല നിയമം’ കൊണ്ടുവരുമെന്നും പത്രിക ഉറപ്പുനൽകുന്നു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമുള്ള ജില്ലകളിൽ സ്ഥിരമായ അധിക ബാച്ചുകൾ അനുവദിക്കുമെന്നും പ്രഖ്യാപനമുണ്ട്.


