പെരുമ്പാവൂര്‍: കലാലയങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിക്കുന്ന അറിവുകള്‍ പൊതു സമൂഹത്തിനുകൂടി ഉപകാരപ്രദമാക്കി മാറ്റണമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്.ബിന്ദു പറഞ്ഞു. പെരുമ്പാവൂര്‍ സര്‍ക്കാര്‍ പോളി ടെക്നിക് കോളേജില്‍ (കൂവപ്പടി) പുതിയതായി പണികഴിപ്പിച്ച ലൈബ്രറി കം അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന്റെയും ഓഡിറ്റോറിയതിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റാനുള്ള തീവ്ര ശ്രമത്തിലാണു സംസ്ഥാന സര്‍ക്കാര്‍. അതിന്റെ ഭാഗമായി അനുഭവാധിഷ്ഠിത പഠനത്തിനു പ്രത്യേക പരിഗണനയാണു നല്‍കുന്നത്. സൈദ്ധാന്തിക അറിവുകള്‍ പ്രായോഗിക ജ്ഞാനവുമായി ചേരുമ്പോള്‍ അതുനല്കുന്ന ഫലം വലുതായിരിക്കും. സമൂഹത്തെ കലാലയത്തോട് ചേര്‍ത്തു നിര്‍ത്തുകയും അറിവനുഭവങ്ങള്‍ അവരുടെ പ്രശ്നങ്ങള്‍കൂടി പരിഹരിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണു സാങ്കേതിക വിദ്യാഭ്യാസം സാര്‍ത്ഥകമാകുന്നതെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങളാണു സര്‍ക്കാര്‍ കൊണ്ടുവരുന്നത്. സാങ്കേതിക വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്കു തൊഴില്‍ നേടിക്കൊടുക്കുന്നതിനു വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടത്തിവരുകയാണ്. അഭ്യസ്തവിദ്യരും തൊഴിലും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി ഇന്‍ഡസ്ട്രീ ഓണ്‍ കാമ്പസ് എന്ന പദ്ധതി കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നു. കുട്ടികളുടെ നൂതനമായ ആശയങ്ങള്‍ക്കു വലിയ സാധ്യതകളാണുള്ളത്. അതു കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് ഇന്‍ക്യുബേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനവും കാമ്പസുകളില്‍ വ്യാപിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ഓഡിറ്റോറിയവും പെരുമ്പാവൂര്‍ പോളി ടെക്നിക്കിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. മികച്ച രീതിയില്‍ ഈ പദ്ധതികള്‍ രൂപീകരിച്ച് യാഥാര്‍ഥ്യമാക്കാന്‍ ഒരുമിച്ച് നിന്നവരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
കോളജിനെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്) മുഖേനയാണ് ഈ രണ്ടു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചത്. 2 നിലയില്‍ 1390 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് സജ്ജമാക്കിയിരിക്കുന്നത്. 4.2 കോടി രൂപയാണു നിര്‍മ്മാണ ചെലവ്. അത്യാധുനിക നിലവാരത്തില്‍ തയ്യാറാക്കിരിക്കുന്ന ബ്ലോക്കിന്റെ താഴത്തെ നിലയില്‍ എല്ലാവിധ സൗകര്യങ്ങളോടുകൂടിയ ലൈബ്രറിയും മുകളിലെ നിലയില്‍ കോമണ്‍ കംപ്യൂട്ടിങ്ങ് ഫെസിലിറ്റി, സെമിനാര്‍ ഹാള്‍, പരീക്ഷാമുറി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവയാണുള്ളത്. നൂതന സംവിധാനങ്ങളോടെ 5.2 കോടി രൂപ ചെലവിലാണ് ഓഡിറ്റോറിയം ഒരുക്കിയിരിക്കുന്നത്. ആകെ 1372 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഓഡിറ്റോറിയത്തില്‍ 800 നു മുകളില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
പുതിയ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ സാജു പോള്‍, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, ട്രാവന്‍കൂര്‍ സിമന്റ് ലിമിറ്റഡ് ചെയര്മാന് ബാബു ജോസഫ്, ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടന്, കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാന്‍, ഗ്രാമപഞ്ചായത്ത് അംഗം എം.ഒ ജോസ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടി.പി ബൈജു ബായി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.എം രമേശ്, പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസ്, പി.ടി.എ വൈസ് പ്രസിഡന്റ് ഇ. ബാവാകുഞ്ഞ്, സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി ഇ.ആര് പ്രദീപ്, കിറ്റ്കൊ കണ്‍സള്‍ട്ടന്റ് എലിസബത്ത് സണ്ണി, മറ്റ് ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഈ സ്ഥാപനം തുടങ്ങുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥലം വിട്ടു നല്കിയ കുടുംബത്തിലെ പ്രതിനിധിയായ എന്‍. നടരാജനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.