തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഉച്ചക്ക് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക. മുന്‍കൂട്ടി നിശ്ചയിച്ചതിനേക്കാള്‍ ഒരു ദിവസം മുന്‍പാണ് ഫല പ്രഖ്യാപനം. 4,19,362 വിദ്യാര്‍ത്ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം കാത്തിരിക്കുന്നത്.
ഇന്ന് മൂന്നു മണിക്ക് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. മാര്‍ച്ച് 9ന് ആരംഭിച്ച എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 29-നാണ് അവസാനിച്ചത്. 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളും പരീക്ഷ എഴുതി. ഇതില്‍ 2,13,801 പേര് ആണ്‍കുട്ടികളും 2,05,561പേര് പെണ്‍കുട്ടികളുമാണ്.
സര്‍ക്കാര്‍ മേഖലയില്‍ 1,170 സെന്ററുകളും എയിഡഡ് മേഖലയില്‍ 1,421 സെന്ററുകളും അണ് എയിഡഡ് മേഖലയില്‍ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരുന്നത്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 9 സ്കൂളുകളിലായി 289 വിദ്യാര്‍ഥികളും പരീക്ഷ എഴുതി. ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാംപുകളിലായി 2023 ഏപ്രില്‍ 3 മുതല്‍ 26 വരെയുള്ള തീയതികളിലായി പൂര്‍ത്തീകരിച്ചു. മൂല്യനിര്‍ണയ ക്യാംപുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ 2023 ഏപ്രില്‍ 5 മുതല്‍ പരീക്ഷാ ഭവനില്‍ ആരംഭിച്ചിരുന്നു.


