ജോഷിമഠ്: ജോഷിമഠില്‍ സഹായം വിതരണം ചെയ്ത് മടങ്ങുന്നതിനിടെ മലയാളി വൈദികന് വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഇടവാകാംഗമായ ഫാ. മെല്‍ബില്‍ അബ്രാഹം പള്ളിത്താഴത്ത് (37) ആണ് മരിച്ചത്. ഫാ. മെല്‍ബില്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം.
ജോഷിമഠില്‍ റേഷന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വിതരണം ചെയ്ത് മടങ്ങുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. അപകടസമയത്ത് മെല്ബിലിനൊപ്പം രണ്ടു വൈദികര്‍ കൂടി ഒപ്പമുണ്ടായിരുന്നു. റോഡില്‍ മഞ്ഞില്‍ തെന്നിയ കാര്‍ പിന്നിലേക്ക് പോവുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന വൈദികര്‍ കാറില്‍ നിന്നിറങ്ങി ടയറിന് താഴെ കല്ലുകളിട്ട് തടയാന്‍ ശ്രമിച്ചെങ്കിലും കാര്‍ 500 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. രാത്രി പത്ത് മണിയോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ മെല്‍വിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ഋഷികേശിലെ ആശുപത്രിയിലേക്ക് മാറ്റി.


