തിരുവനന്തപുരം: മോഹനന് വൈദ്യര് മരിച്ച നിലയില്‍. തിരുവനന്തപുരം കരമന കാലടിയിലെ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണാണ് മരിച്ചത്. 65 വയസായിരുന്നു. ചേര്‍ത്തല സ്വദേശിയാണ്. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശനിയാഴ്ച വൈകുന്നേരം എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാജ രോഗചികിത്സാ രീതികളുടെ പേരില്‍ നിയമനടപടി നേരിട്ട വ്യക്തിയാണ് മോഹനൻ വൈദ്യർ.
രണ്ട് ദിവസം മുന്‍പാണ് ബന്ധുവീട്ടിലെത്തിയത്. രാവിലെ മുതല്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച വൈദ്യര് പിന്നീട് ആശുപത്രിയില്‍ പോകാനിരിക്കെയാണ് മരിച്ചത്. തൻ്റെ മകന് ഒപ്പം ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നു വൈദ്യരെന്ന് പൊലീസ് പറയുന്നു. പനിയും ശ്വാസതടസവും മൂലം അദ്ദേഹം ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്ന് വീട്ടിലുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഫേസ്ബുക്കിലൂടെയും മറ്റും ശാസ്ത്രീയ അടിത്തറയില്ലാത്ത ചികിത്സാരീതികള്‍ വിശദീകരിച്ചതിനെ തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട ആളാണ് മോഹനന് വൈദ്യര്. നിപ്പാ രോഗമുണ്ടായ സമയത്തും കൊവിഡ് രോഗത്തെ സംബന്ധിച്ചും അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. തുടര്‍ന്ന് സംസ്ഥാന ആരോഗ്യവകുപ്പും പൊലീസും ഇദ്ദേഹത്തിനെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.


