കൊവിഡ് ബാധിച്ച് ബിജെപി രാജ്യസഭാ എംപി മരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള അശോക് ഗസ്തിയാണ് മരിച്ചത്. 55 വയസായിരുന്നു. രാജ്യസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു ഇദ്ദേഹം. സെപ്തംബര്‍ രണ്ടുമുതല്‍ ഗസ്തി കൊവിഡ് ബാധിച്ച് ബംഗളൂരുവില്‍ ചികില്‍സയിലായിരുന്നു. കര്‍ണാടകയില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റാണ് ബിജെപി അശോക് ഗസ്തിക്കു നല്‍കിയത്. കഴിഞ്ഞ ജൂലൈ 22നാണ് രാജ്യസഭാംഗമായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍ പിന്തുണയിലായിരുന്നു അദ്ദേഹം ജീവന് നിലനിര്‍ത്തിയിരുന്നത്.
കര്‍ണാടകയിലെ റായ്ചൂര് സ്വദേശിയാണ്. റായ്ചൂര് ജില്ലയില്‍ ബിജെപിയെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ഗാസ്തിയാണ്. പിന്നാക്ക വികസന കോര്പറേഷന് ചെയര്മാന് പദവി വഹിച്ചിരുന്നു. ബിജെപി ബെല്ലാരി, റെയ്ചൂര്‍ യൂണിറ്റുകളുടെ ചുമതലക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍എസ്എസ് സംഘടനയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്.


