കാബൂള്‍: പുലിസ്റ്റര്‍ പുരസ്കാര ജയിതാവായ ഇന്ത്യന്‍ ഫോട്ടോജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി (40) കാണ്ഡഹാറില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച സ്പിന്‍ ബോല്‍ഡാക് ജില്ലയില്‍ താലിബാനും സര്‍ക്കാര്‍ സേനയും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഡാനീഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. അഫ്ഗാന് സൈന്യത്തിൻ്റെ വാഹനവ്യുഹത്തിനൊപ്പമാണ് അദ്ദേഹം സംഘര്‍ഷ മേഖലയിലെത്തിയത്. സേനയുടെ വാഹനം താലിബാന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു ആക്രമം ഉണ്ടായത്.
ടെലിവിഷന്‍ ന്യൂസ് കറസ്പോണ്ടന്റ് ആയി ഔദ്യോഗിക ജീവിതം തുടങ്ങിയ ഡാനീഷ് പിന്നീട് ഫോട്ടോ ജേര്‍ണലിസത്തിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 2008 മുതല്‍ 2010 വരെ ഇന്ത്യ ടുഡേ ഗ്രൂപ്പില്‍ കറസ്പോണ്ടന്റായിരുന്നു.
2018 ല്‍ റോയിട്ടേഴ്സിലെ ഡാനിഷ് സിദ്ദിഖിയും അബ്ദാന് ആബിദിയും സംയുക്തമായി ഫീച്ചര്‍ ഫോട്ടോഗ്രഫിക്കുള്ള പുലിറ്റ്സര്‍ സമ്മാനം നേടിയിരുന്നു. ആദ്യമായിട്ടായിരുന്നു ഇന്ത്യയില്‍ നിന്നൊരാള്‍ പുലിറ്റ്സര്‍ പുരസ്കാരം നേടിയത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ കുറിച്ചുള്ള ചിത്രത്തിനാണ് അംഗീകാരം ലഭിച്ചത്.
കഴിഞ്ഞ കുറച്ചുദിവസമായി അഫ്ഗാനിസ്താനില്‍ കാണ്ഡഹാറിലെ പ്രശ്നം വെളിച്ചത്തുകൊണ്ടുവരാനുള്ള പരിശ്രമത്തിലായിരുന്നു. അഫ്ഗാനിലെ ദൗത്യസേനകള്ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജൂലൈ 13ന് പ്രത്യേക ദൗത്യ സംഘത്തിനൊപ്പം താന്‍ സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടതായി ഡാനീഷ് സിദ്ദിഖി തന്നെ വ്യക്തമാക്കിയിരുന്നു. താന്‍ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടുവെന്നും റോക്കറ്റ് ആക്രമണത്തിൻ്റെ ദൃശ്യമെടുക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.


