കോട്ടയം: ഡോക്ടര്‍ വന്ദനക്ക് ജന്മനാടിന്റെ കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി. കോട്ടയം മുട്ടുച്ചിറയിലെ വീട്ടുവളപ്പിലായിരുന്നു വന്ദനയുടെ സംസ്കാരം. വീട്ടില്‍ നടന്ന പൊതുദര്ശനത്തില് നാനാതുറകളില്‍ നിന്ന് ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. കണ്ടു നിന്നവരുടെ ഹൃദയം തകര്‍ക്കുന്ന വൈകാരിക രംഗങ്ങള്‍ക്കാണ് മുട്ടിച്ചിറയിലെ വീട് സാക്ഷിയായത്. ഇന്നലെ രാത്രിയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന് നിവേദാണ് ചിതയ്ക്ക് തീക്കൊളുത്തിയത്. അച്ഛനും അമ്മയ്ക്കും ഏക മകളാണ് വന്ദന.
കേന്ദ്രമന്ത്രി വി. മുരളീധരന്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രിമാരായ വീണാ ജോര്‍ജ്, മന്ത്രി വി.എന്‍. വാസവന്, റോഷി അഗസ്റ്റിന്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ ഇന്നലെ രാത്രി തന്നെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. എന്നിവര്‍ വ്യാഴാഴ്ച വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
ഇന്നലെ പുലര്‍ച്ചെയായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചയാളുടെ കുത്തേറ്റ് ഡോ. വന്ദന കൊല്ലപ്പെട്ടത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂള്‍ അധ്യാപകന് സന്ദീപാണ് വന്ദനയെ ആക്രമിച്ചത്. വന്ദന ദാസിന്റെ ശരീരത്തില്‍ 11 കുത്തുകളേറ്റതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിലേക്ക് നയിച്ചത്. മുതുകില്‍ ആറും തലയില്‍ മൂന്നും കുത്തുകളേറ്റു. ശരീരത്തിലാകെ 23 മുറിവുകളാണ് ഉള്ളതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.


