ചലച്ചിത്രരംഗത്തും ലളിത ഗാന രംഗത്തും വളരെ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ കവി പൂവച്ചല്‍ ഖാദറിന്റെ നിര്യാണം സാഹിത്യ സാംസ്കാരിക ലോകത്തിനു കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
നാനൂറോളം സിനിമകളിലായി 1400 ഓളം പാട്ടുകള്‍ അദ്ദേഹം എഴുതി. ഒരുപക്ഷേ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ എഴുതിയ രചയിതാവ് പൂവച്ചല്‍ ഖാദര്‍ ആയിരിക്കും. അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം ആസ്വാദകരുടെ മനസ്സില്‍ ഒരുപോലെ തത്തിക്കളിക്കുന്നതാണ്. അസാധാരണമായ സ്വീകാര്യതയാണ് ഖാദറിന്റെ ഗാനങ്ങള്‍ക്കുണ്ടായത്. സിനിമാപ്പാട്ടുകളോടൊപ്പം ലളിതഗാനങ്ങള്‍ കൊണ്ടും ശ്രദ്ധേയനായി ഖാദര്‍. രാമായണക്കിളി… ജയദേവകവിയുടെ… തുടങ്ങിയ ഗാനങ്ങള്‍ നിരവധി പതിറ്റാണ്ടുകളായി കേരളത്തിലാകെ ശ്രദ്ധേയമായി നില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
പൂവച്ചല്‍ ഖാദറിന്റെ നിര്യാണത്തില്‍ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് അനുശോചിച്ചു.
ന്യൂഡല്‍ഹി:കാല്പനികത നിറഞ്ഞ വരികള്‍ കൊണ്ട് മലയാള ചലച്ചിത്ര സംഗീത ലോകത്ത് ചിരപ്രതിഷ്ഠ നേടിയ കവിയും ഗാനരചയിതാവുമായിരുന്നു പൂവച്ചല്‍ ഖാദറെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന് അനുസ്മരിച്ചു. ലളിതമായ വരികളിലൂടെ സിനിമാ സംഗീത ലോകത്ത് തന്റേതായ ഇടം സൃഷിച്ച പ്രതിഭയായിരുന്നു അദ്ദേഹം. നിരവധി ശ്രദ്ധേയമായ പ്രണയ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറന്നു. ‘ഏതോ ജന്മ കല്പ്പനയില്.. ഏതോ ജന്മവീഥികളില്‍.. ‘, ‘അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍.. ‘തുടങ്ങിയ അദ്ദേഹത്തിന്റ ഗാനങ്ങള്‍ മലയാളികള്‍ എന്നും ഹൃദയത്തോട് ചേര്‍ത്ത് വെച്ചവയാണ്. രണ്ടായിരത്തോളം ജനപ്രിയ ചലച്ചിത്ര ഗാനങ്ങളും നിരവധി നാടക ഗാനങ്ങളും, മാപ്പിള പാട്ടുകളും, ലളിത ഗാനങ്ങളും അദ്ദേഹം രചിച്ചു. എണ്‍പതുകളില്‍ പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ ജന പ്രിയമാക്കുന്നതില്‍ പൂവച്ചല്‍ ഖാദറിന്റെ ഗാനങ്ങള്‍ പ്രധാന ഘടകമായി. അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിന്റെ കലാ, സാംസ്കാരിക മേഖലയില്‍ തീരാ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും അനുശോചന സന്ദേശത്തില്‍ മന്ത്രി അറിയിച്ചു.
മലയാളികളുടെ പ്രിയ കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദറിന്റെ നിര്യാണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു.
ചലചിത്ര ഗാനങ്ങള്‍ ആസ്വദിക്കുന്ന കാലം മുതല്‍ കേള്‍ക്കുന്ന പേരാണ് പൂവച്ചല്‍ ഖാദര്‍. ഓര്‍മകളില്‍ അദ്ദേഹത്തിന്റെ എത്രയോ പാട്ടുകള്‍ അലയടിക്കുന്നുണ്ട്. മലയാള സിനിമയുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ വലിയ തോതില്‍ ഭാഗഭാക്കാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
കേരളത്തിന്റെ കാല്പനികത ഒപ്പിയെടുത്ത ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. അവയിലെ ബിംബകല്പനകള് അസാമാന്യ സൗന്ദര്യം നിറഞ്ഞതായിരുന്നു. കവിയുടെ ഗാനങ്ങള്‍ കാലാതിവര്ത്തിയായാണ്. മലയാളത്തിന് എന്നും അഭിമാനമായി അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും നിലകൊള്ളുമെന്ന് ഉറപ്പാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ സ്പീക്കര്‍ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹകുടുംബാംഗങ്ങളുടെ ദുഃഖത്തിലും സ്പീക്കര്‍ പങ്കുചേര്‍ന്നു.
പൂവച്ചല്‍ ഖാദറിന്റെ നിര്യാണത്തില്‍ പൊതുവിദ്യാഭ്യാസ – തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു
ഒട്ടേറെ ചലച്ചിത്രഗാനങ്ങളുടേയും ലളിതഗാനങ്ങളുടേയും രചയിതാവും കവിയുമായ പൂവച്ചല്‍ ഖാദറിന്റെ നിര്യാണത്തില്‍ പൊതുവിദ്യാഭ്യാസ – തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു.ശരറാന്തല്‍ തിരിതാണു, ചിത്തിര തോണിയില്‍, നാഥാ നീവരും കാലൊച്ച,ഏതോ ജന്മകല്പ്പനയില്, അനുരാഗിണി തുടങ്ങി മലയാളികളുടെ ഹൃദയം കവര്‍ന്ന നിരവധി മനോഹര ഗാനങ്ങളുടെ രചയിതാവിന്റെ നിര്യാണം മലയാള സിനിമാ ഗാന രംഗത്തിനും കവിതയ്ക്കും തീരാനഷ്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.