ന്യൂഡല്‍ഹി: ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ഇന്ദു ജെയിന്(84) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 9.35-ഓടെ ഡല്‍ഹിയില്‍ ആയിരുന്നു മരണം. കൊവിഡ് മുക്തയായതിന് ശേഷം നേരിട്ട ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് വിയോഗം. തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഇന്ദു ജെയ്ന്റെ മടക്കം. കൊവിഡ് മുക്തയായതിന് ശേഷം ആരോഗ്യപ്രശ്നങ്ങള്‍ നിലനിന്നിരുന്നതിനാലാണ് അവയവദാനം നടക്കാതെ പോയത്. ആത്മീയാന്വേഷി, മനുഷ്യസ്നേഹി, വനിതാവകാശ പ്രവര്‍ത്തക എന്നീ നിലകളില്‍ ശ്രദ്ധേയ ആയിരുന്നു.
ഫൈസാബാദില്‍ 1936 സെപ്റ്റംബര്‍ എട്ടിനാണ് ഇന്ദുവിന്റെ ജനനം. ഇന്ത്യയിലെ സ്ത്രീകളിലെ സംരംഭകയെ കണ്ടെത്തി പരിപോഷിപ്പിക്കാന്‍ 1983 ല്‍ എഫ്ഐസിസി ലേഡീസ് ഓര്ഗനൈസേഷന് (എഫ്എല്‍ഒ) സ്ഥാപിച്ചതു ഇന്ദു ജെയ്ന്‍ ആണ്. 1999-ല്‍ ആണ് ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് എത്തുന്നത്. ഫിക്കിയുടെ വനിതാ വിഭാഗമായ എഫ്.എല്‍.ഒയുടെ സ്ഥാപക പ്രസിഡന്റ്, ഭാരതീയ ജ്ഞാനപീഠ് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
2016 ല്‍ രാജ്യം പദ്മഭൂഷണ്‍ നല്കി ആദരിച്ചു. 2000 ല്‍ ടൈംസ് ഫൗണ്ടേഷന് സ്ഥാപിച്ചു. പ്രളയം, ഭൂചലനം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍ കൈത്താങ്ങാകാന്‍ ടൈംസ് റിലീഫ് ഫണ്ട് ആരംഭിച്ചു. 2019-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിനും ഇന്ദു അര്‍ഹയായിരുന്നു.


