മലപ്പുറം എ.ആര് നഗര്‍ സഹകരണ ബാങ്കില്‍ ഒട്ടേറെ ബിനാമി അക്കൗണ്ടുകളുണ്ടെന്ന് വെളിപ്പെടുത്തല്‍. സെക്രട്ടറി വി.കെ ഹരികുമാറിന് സി. മോനു എന്ന പേരില്‍ വ്യാജ അക്കൗണ്ടുണ്ടെന്ന് മുന്‍ ജീവനക്കാരി വെളിപ്പെടുത്തി. സി. മോനു എന്ന പേരിലുള്ള അക്കൗണ്ടില്‍ നിരന്തരം ഇടപാട് നടന്നതായി സെറീന പറഞ്ഞു. പലിശ വേണ്ടാത്ത ഉപഭോക്താക്കളുടേയും ‘ഗഹാന്’ കമ്മീഷന് തുകയും മാറ്റിയത് ഈ അക്കൗണ്ടിലേക്കാണ്. സിനിമാ താരങ്ങളുടെ പേരില്‍ ബാങ്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടായിരുന്നു. ബാങ്കിലെ കൃത്രിമം കണ്ടുപിടിച്ചതിന് തന്നോട് പ്രതികാര നടപടി സ്വീകരിച്ചതായി സെറീന വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് മുന്‍ സീനിയര്‍ ക്ലാര്‍ക്ക് സെറീന തിരൂരങ്ങാടി പൊലീസില്‍ പരാതി നല്കി.
മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ അന്വേഷണത്തിന് സഹകരണ വകുപ്പ് ഇന്നലെ ഉത്തരവിട്ടിരുന്നു. ബാങ്കിന്റെ മറവില്‍ ഭരണ സമിതി സമാന്തര പണമിടപാട് സഥാപനം നടത്തിയിരുന്നതിന്റെ രേഖകള്‍ പുറത്ത് വന്നിരുന്നു.
ആദായ നികുതി വകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥ തല അന്വേഷണത്തിന് ഉത്തരവിട്ടത്. തിരൂരങ്ങാടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം എആര്‍ നഗറിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കും.ക്രമക്കേട് വിവാദങ്ങള്‍ സജീവമായിരിക്കെ ബാങ്ക് പ്രസിഡന്റ് കെടി അബ്ദുള്‍ ലത്തീഫ് അതിനിടെ രാജിവച്ചു.
കാലാവധി കഴിഞ്ഞതിനാല്‍ രാജിയെന്നാണ് മുസ്ലീം ലീഗ് നേതൃത്വം നല്കുന്ന വിശദീകരണം. 2002 മുതല്‍ ബാങ്കിന്റെ മറപറ്റി ഭരണ സമിതി അംഗങ്ങള്‍ ഫ്രണ്ട്സ് ഹോം നീഡ്സ് എന്ന പേരില്‍ സമാന്തര പണമിടപാട് സ്ഥാപനം നടത്തിയിരുന്നതിന്റെ വിശദാംശങ്ങളും പുറത്ത് വന്നിരുന്നു. ഇത് ചോദ്യം ചെയ്ത ജീവനക്കാരെ അന്ന് ബാങ്ക് പുറത്താക്കുകയും ചെയ്തിരുന്നു.
ഇതിനിടെ വരുമാനത്തിന്റെ സ്രോതസ്സ് കാണിക്കണമെന്നാവശ്യപ്പെട്ട് ബാങ്കിലെ ഉയര്‍ന്ന നിക്ഷേപമുളളവര്‍ക്ക് ഐടി നോട്ടിസ് അയച്ചു. നിക്ഷേപകരെപ്പറ്റിയുളള അടിസ്ഥാന വിവരം പങ്കുവയ്ക്കുന്ന കെവൈസി ഇല്ലാത്ത നിക്ഷേപങ്ങളുടെ ഉറവിടമാണ് ആദായനികുതി വകുപ്പ് പ്രധാനമായും തേടുന്നത്.


