കൊച്ചി പൂത്തോട്ട എസ്എന്‍ കോളജിലെ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ട് പോയതായി പരാതി. യൂണിയന് ഭരണം പിടിക്കാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയന്നാണ് പരാതി. പരാതിയില്‍ ഉദയം പേരൂര്‍ പോലീസ് കേസെടുത്തു.
മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി പ്രവീണയെയാണ് തട്ടിക്കൊണ്ടുപോയത്. കൊച്ചി പൂത്തോട്ട എസ്എന്‍ ലോ കോളേജിലാണ് സംഭവം. ക്ലാസ് പ്രതിനിധികളുടെ തെരഞ്ഞടുപ്പ് കഴിഞ്ഞപ്പോള്‍ കെഎസ്യുവിനും എസ്എഫ്ഐക്കും തുല്ല്യ വോട്ടാണ് ലഭിച്ചത്. ഇതിനാലാണ് കെഎസ്യു പ്രവര്‍ത്തകയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം.
ക്ലാസ് പ്രതിനിധി തെരഞ്ഞടുപ്പില്‍ കെഎസ്യുവിനും എസ്എഫ്ഐക്കും ഒമ്പത് സീറ്റാണ് ലഭിച്ചത്. എന്നാല്‍ യൂണിയന് ഭരണം തീരുമാനിക്കുന്നതിനായി വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമായിരുന്നു. ഇതേതുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനിരിക്കെയാണ് ഒരു മണിക്ക് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് പ്രവീണ പറഞ്ഞു.
പ്രവീണയുടെ സുഹൃത്ത് തനിക്ക് സുഖമില്ലെന്നും ആശുപത്രിയിലേക്ക് പോകാന്‍ കൂടെ വരാമോ എന്നും ചോദിക്കുകയായിരുന്നു. ഇതിന് സമ്മതം പറഞ്ഞ പ്രവീണയോട് കോളേജിന്റെ പാര്‍ക്കിങ് സ്ഥലത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഒപ്പം രണ്ട്പേര്‍ക്കും ആശുപത്രിയിലേക്ക് പോകാന്‍ ഒരു കാറും അവിടെ എത്തിയിരുന്നു. തുടര്‍ന്ന് സുഹൃത്ത് തന്നെ കാറില്‍ കയറ്റുകയായിരുന്നു. എന്നാല്‍ സുഹൃത്തിനെ കൂടാതെ രണ്ട് പേരും കാറില്‍ ഉണ്ടായിരുന്നതായി പ്രവീണ മൊഴി നല്‍കിയിട്ടുണ്ട്.
ആശുപത്രിയിലേക്ക് പോകാനെന്ന് പറഞ്ഞ് കാറില്‍ കയറ്റിയെങ്കിലും ആശുപത്രിയിലേക്ക് പോകാതെ മറ്റ് പല വഴികളിലൂടെ കാറില്‍ കൊണ്ടുപോയ ശേഷം നടക്കാവില്‍ തന്നെയും സുഹൃത്തിനെയും ഇറക്കി വിടുകയായിരുന്നെന്ന് പ്രവീണ പറഞ്ഞു. ഏകദേശം മൂന്ന് മണിക്കൂറാണ് ഇരുവരെയും കാറില്‍ കയറ്റിക്കൊണ്ടുപോയത്.
പ്രവീണയെ കാണാനില്ലെന്നറിഞ്ഞ സമയത്ത് തന്നെ പൊലീസ് മിസ്സിങ്ങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീടാണ് കോളേജ് യൂണിയനുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നതെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ എസ്എഫ്ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.