അട്ടപ്പാടി മധു വധക്കേസ് വിചാരണക്കിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍. പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി പൊലീസിന്റെ ലാപ്ടോപ്പ് പിടിച്ചെടുത്തു. കാഴ്ച പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിച്ച സുനില്‍ കുമാറിനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട വിചാരണ നടക്കുമ്പോഴാണ് നാടകീയ സംഭവങ്ങള്‍ മണ്ണാര്‍ക്കാട് എസ്സി- എസ്ടി കോടതിയില്‍ അരങ്ങേറിയത്.
ദൃശ്യങ്ങള്‍ വീണ്ടും പ്രദര്‍ശിപ്പിക്കണമെന്ന് 29-ാം സാക്ഷിയായ സുനില്‍ കുമാറിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. ഇത് പ്രകാരം കോടതിയില്‍ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എന്നാല്‍, പൊലീസ് ഉദ്യോഗസ്ഥന്റെ ലാപ്ടോപ്പില്‍ നിന്നാണ് ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതെന്നും ഇത് നിയമ വിരുദ്ധമാണെന്നും സുനില്‍ കുമാറിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
നേരത്തെ തന്നെ പ്രോസിക്യൂഷനും പ്രതികളുടെ അഭിഭാഷകനും കോടതി തന്നെ പെന്‍ഡ്രൈവില്‍ ദൃശ്യങ്ങള്‍ നല്‍കിയിരുന്നു. ഈ ദൃശ്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥന് അദ്ദേഹത്തിന്റെ സ്വന്തം ലാപ്ടോപ്പിലേക്ക് കോപ്പി ചെയ്യുകയും അത് അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുപോയി വരികയുമാണെന്ന് അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
വിഷയം ഗൗരവത്തിലെടുത്ത കോടതി ലാപ്ടോപ്പ് പിടിച്ചെടുക്കുകയായിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് പൊലീസ് ഉദ്യോഗസ്ഥന് കോടതി കര്‍ശന ഭാഷയില്‍ താക്കീത് നല്‍കുകയും ചെയ്തു. സുനില്‍ കുമാറിനെതിരെ എന്ത് നടപടിയെടുക്കണമെന്ന കേസ് അടുത്ത മാസം പത്താം തീയതിയിലേക്ക് മാറ്റിയിരിക്കുകയാണ്.


