എറണാകുളത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ വധശ്രമത്തിന് കേസ്. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ബ്ലോക്ക് ഭാരവാഹി സോണി ജോര്‍ജ് പനന്താനത്തിനെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്.
ഇന്നലെ ഉച്ചയോടെ കാക്കനാട് ഗവ. പ്രസ് സിടിപി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സോണി ജോര്‍ജ് വാഹനത്തിന്റെ മുന്നിലേക്ക് ചാടി മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ല് അടിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനം കടന്നു പോയതിന് പിന്നാലെ സോണി മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലേക്ക് ചാടുകയായിരുന്നു.
സംഭവത്തില്‍ ഇന്നലെ തന്നെ സോണിയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ പിടികൂടാനുള്ള ശ്രമത്തിനിടെ തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിലെ പൊലീസുകാരനായ അരുണ്‍കുമാറിന്റെ കൈയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മുഖ്യമന്ത്രിക്ക് നേരെ വധശ്രമം, ആക്രമണത്തിന് ഗൂഢാലോചന, പൊലീസുകാരനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങളിലാണ് ഇയാള്‍ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്.
സോണിയുടെ പേരില്‍ എറണാകുളം സൗത്ത്, നോര്‍ത്ത്, സെന്‍ട്രല്‍ തുടങ്ങി നിരവധി പൊലീസ് സ്റ്റേഷനുകളിലാണ് കേസുകളുണ്ടെന്ന് തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ അറിയിച്ചു. 17കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ആഭരണങ്ങള്‍ തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.


