കൊല്ലം ജില്ലയിലെ സില്‍വര്‍ ലൈന്‍ നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. പ്രതിഷേധത്തെ തുടര്‍ന്നാണ് ഇന്നത്തെ കല്ലിടല്‍ നിര്‍ത്തിവച്ചത്. തഴുത്തലയില്‍ പ്രതിഷേധ സ്ഥലത്ത് നിന്നും മാറി കല്ലിടാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം തടഞ്ഞു. ആറാട്ടുകുളം ക്ഷേത്രത്തിനു സമീപം സില്‍വര്‍ലൈന്‍ കല്ലുമായി എത്തിയ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. പേരയം ആറാട്ടുകുളം ക്ഷേത്രത്തിനു സമീപമാണ് വാഹനം തടഞ്ഞത്. സില്‍വര്‍ലൈന്‍ വിരുദ്ധ സമര സമിതി അംഗങ്ങളും യുഡിഎഫ് പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
കെ റെയില്‍ അതിരടയാള കല്ല് സ്ഥാപിക്കുന്നതിനിടെ കൊല്ലത്ത് വ്യാപക പ്രതിഷേധമാണ് നടന്നത്. നടുറോഡില്‍ കഞ്ഞിവച്ചാണ് കല്ലിടലിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചത്. തഴുത്തലയില്‍ പ്രദേശ വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. ഗ്യാസ് സിലിണ്ടറുമായാണ് ഭീഷണി മുഴക്കിയത്. കല്ലിടുമെന്ന് സൂചന കിട്ടിയതോടെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തിയത്.
ഒരിടവേളയ്ക്ക് ശേഷമാണ് കൊല്ലത്ത് സര്‍വ്വേ നടപടികള്‍ പുനരാരംഭിച്ചത്. പൊലീസ് സുരക്ഷയില്‍ കല്ലിടല്‍ നടപടികള്‍ക്കായി കെ റെയില്‍ ഉദ്യോഗസ്ഥര്‍ എത്തി. എന്നാല്‍ കനത്ത പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കല്ലുമായി വന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. പിന്നാലെ നടുറോഡില്‍ നാട്ടുകാര്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചു.


