സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസി നിയമന കേസില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. വിസിയായി ഡോ.സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി. ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജി കോടതി തള്ളി. വിസി നിയമനം നടത്താന്‍ നടപടിയെടുക്കാനും ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്.
സിസ തോമസിന്റെ യോഗ്യതയില്‍ തര്‍ക്കമില്ലെന്ന് കോടതി പറഞ്ഞു. സ്ഥിര വിസി നിയമനം എത്രയും പെട്ടെന്ന് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. മൂന്ന് മാസത്തിനുള്ളില്‍ സെലക്ഷന് കമ്മിറ്റി രൂപവത്കരിക്കണം. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹര്‍ജിയുമായി വന്നത് അത്യപൂര്‍വമായ നീക്കമാണെന്നു കോടതി അഭിപ്രായപ്പെട്ടു.
വിദ്യാര്‍ഥികളുടെ ഭാവിയാണ് പ്രധാനമെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍വകലാശാല നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കാനാകില്ല. എന്നാല്‍ ചാന്‍സലര്‍ യുജിസി ചട്ടങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കേണ്ടയാളാണ്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ നല്കിയ ഹര്‍ജി നിലനില്‍ക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.


