ഡല്‍ഹി എയിംസിലെ സെര്‍വര്‍ ഹാക്കിങ്ങില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. നഷ്ടമായ ഡാറ്റ തിരിച്ചെടുക്കാനുള്ള ശ്രമം സൈബര്‍ വിദഗ്ധര്‍ ആരംഭിച്ചു. ആശുപത്രിയുടെ ഒപി, ഐപി, എമര്‍ജന്‍സി വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങളെല്ലാം താളം തെറ്റിയിരിക്കുകയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി പ്രമുഖരുടെ രോഗവിവരങ്ങളും വിവിധ പഠന റിപ്പോട്ടുകളും ലാബ് റിസള്‍ട്ടുകളും അടങ്ങിയ സെര്‍വറാണ് ഹാക്ക് ചെയ്തത്. കോവിഷീല്‍ഡ്, കോവാക്സിന് തുടങ്ങിയവയുടെ ട്രയല്‍ വിവരങ്ങള്‍, ആരോഗ്യ സുരക്ഷാ പഠനങ്ങള്‍, എച്ച്.ഐ.വി ബാധിച്ചവരുടെ വിവരങ്ങള്‍, പീഡന കേസുകളിലെ ഇരകളുടെ വൈദ്യപരിശോധനാ ഫലങ്ങള്‍ തുടങ്ങിയവ ഇതില്‍ പെടും. ഏകദേശം 3 മുതല്‍ 4 കോടി വരെ രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ആശങ്കയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സെര്‍വറിന്റെ തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഡാറ്റ തിരിച്ചെടുത്താല്‍ത്തന്നെ റാന്‍സംവെയര്‍ ആക്രമണമായതിനാല്‍ ഡാറ്റയില്‍ പകുതിയിലധികവും നഷ്ടമാകുമെന്നാണ് വിവരം. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും ഡല്‍ഹി പൊലീസും ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു എയിംസ് സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ആശുപത്രിയുടെ ഒപി പ്രവര്‍ത്തനമടക്കം താളംതെറ്റി. മാനുവല്‍ രീതിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം. രോഗികളുടെ പ്രവേശനം, ഡിസ്ചാര്‍ജ്, ട്രാന്‍സ്ഫര്‍ തുടങ്ങിയവ ജീവനക്കാര്‍ നേരിട്ടാണ് ചെയ്തുവരുന്നത്.