കുണ്ടറയില്‍ സ്ഥാനാര്‍ഥിയായ ഇഎംസിസി ഡയറക്ടര്‍ ഷിജു എം വര്‍ഗീസിന്റെ അറസ്റ്റ് വ്യക്തമാക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറി ലക്ഷ്യമാക്കി അരങ്ങേറിയ നാടകത്തിന് പിന്നിലെ വന്‍ ഗൂഢാലോചന. വോട്ടെടുപ്പ് ദിവസം കാറിനു ബോംബെറിഞ്ഞ് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വാര്‍ത്ത സൃഷ്ടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെ മേഴ്സിക്കുട്ടിഅമ്മയെ അപകീര്‍ത്തിപ്പെടുത്താനായി ഷിജു എം വര്‍ഗീസിന്റെ നേതൃത്വത്തില്‍ ക്വട്ടേഷന്‍ സംഘം ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസി കമ്പനിക്കും കമ്പനി ഉടമയായ ഷിജുവര്ഗീസിനുമെതിരെ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ നടത്തിയ വെളിപ്പെടുത്തലുകളിലുള്ള വിരോധമാണ് ഗൂഢാലോചനയിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
ഷിജു എം വര്‍ഗീസ്, മാനേജര്‍ ശ്രീകാന്ത് എന്നിവരെ ഗോവയില്‍ നിന്നും മറ്റൊരു പ്രതി ബിനുകുമാറിനെ കോഴിക്കോടു നിന്നുമാണ് അറസ്റ്റ് ചെയ്തത്. ബിനുകുമാറിന്റെ സ്വിഫ്റ്റ് ഡിസയര്‍ കാറും പിടിച്ചെടുത്തു. മറ്റൊരു പ്രതിയായ കൃഷ്ണകുമാറിന് കോവിഡ് പോസിറ്റീവായതിനാല്‍ കസ്റ്റഡിയിലെടുത്തിട്ടില്ല.
സംഭവത്തിന്റെ ഗൂഢാലോചനയില്‍ മുഖ്യപങ്കാളിയെന്ന് സംശയിക്കുന്ന ‘ദല്ലാള്‍’ എന്നറിയപ്പെടുന്ന പ്രമുഖനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ഇയാള്‍ കൂടി അറസ്റ്റിലാകുന്നതോടെ തെരഞ്ഞെടുപ്പ് അട്ടിമറി ലക്ഷ്യമിട്ട് നടത്തിയ വന്‍ ഗൂഢാലോചനയുടെ കുടുതല്‍ തെളിവുകള്‍ പുറത്തുവരും.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറിന് പുലര്‍ച്ചെ കണ്ണനല്ലൂര്‍ പാലമുക്കില്‍ വച്ച് കാറിന് പെട്രോള്‍ ബോംബെറിഞ്ഞ് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ഷിജു വര്‍ഗീസ് കണ്ണനല്ലൂര്‍ പൊലീസില്‍ നല്കിയ പരാതി. ചാത്തന്നൂര്‍ എസിപി വൈ നിസാമുദീന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ബോബേറ് ഷിജു വര്‍ഗീസ് സ്വയം സൃഷ്ടിച്ച നാടകമാണെന്ന് വ്യക്തമായത്.
ഷിജു വര്‍ഗീസിന്റെയും സംഭവസ്ഥലത്തിനു സമീപം ചായക്കട നടത്തുന്നയാളുടെയും മൊഴിയിലെ വൈരുധ്യമാണ് വിശദമായ അന്വേഷണത്തിലേക്ക് നയിച്ചത്. സംഭവ സ്ഥലത്തെ സിസി ടിവി ദ്യശ്യങ്ങളും ഫോണ്‍ വിളികളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ടും സാക്ഷിമൊഴികളും സംഭവം നാടകമാണെന്ന് വ്യക്തമാക്കി. കൊട്ടിയം- കുണ്ടറ റൂട്ടില്‍ കുരീപ്പള്ളിക്കും മോതീന്മുക്കിനുമിടെ പുലര്‍ച്ചെ 5.30നാണ് ഷിജു സഞ്ചരിച്ച ഇന്നോവ കാറിനുനേരെ ആക്രമണമുണ്ടായത്. പെട്രോള്‍ നിറച്ച കുപ്പി കാറിനു നേരെ എറിഞ്ഞെന്നാണ് ഷിജു കണ്ണനല്ലൂര്‍ പൊലീസിന് നല്കിയ മൊഴി. എന്നാല്‍, പെടോള് അല്ലെന്നും മണ്ണെണ്ണയാണ് കുപ്പിയിലുണ്ടായിരുന്നതെന്നും ശാസ്ത്രീയ പരിശോധയില്‍ കണ്ടെത്തി. കാറില്‍ പെട്രോള്‍ നിറച്ച കുപ്പി വേറെ കരുതിയിരുന്നതായും കണ്ടെത്തി.

ഷിജു വര്‍ഗീസിന്റെ കാര്‍ ഓടിച്ചത് പ്രേംകുമാര്‍ ആയിരുന്നു. കെഎല്‍ രണ്ട് എക്സ് 6163 നമ്പര്‍ സ്വിഫ്റ്റ് കാറിലെത്തിയ ബിനുകുമാറും ശ്രീകാന്തും ചേര്‍ന്ന് ഷിജുവര്‍ഗീസിന്റെ കാറിലേക്ക് ‘പെട്രോള്‍ ബോംബ്’ എറിയുകയായിരുന്നു. ‘പെട്രോള്‍ ബോംബ്’ വീണ ഉടന്‍ ഷിജു വര്‍ഗീസും പ്രേംകുമാറും കാറില്‍ നിന്ന് ഇറങ്ങി ഓടി മാറിയെന്നും നാട്ടുകാര്‍ ഓടിക്കൂടുന്നതു കണ്ട് മടങ്ങി വരികയായിരുന്നെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. പൊലീസിന്റെയും നാട്ടുകാരുടെയും സമയോജിതമായ ഇടപെടലിലാണ് കാറിലേക്ക് തീ പടരുന്നത് ഒഴിവായത്.
കാറിന്റെ പിന്‍ഭാഗത്താണ് കേടുപറ്റിയിരുന്നത്. കാറിന്റെ ഗ്ലാസിലേക്ക് എറിഞ്ഞ കുപ്പി ലക്ഷ്യം തെറ്റി റോഡില്‍ വീണ് പൊട്ടുകയായിരുന്നു. അതോടെ കാര്‍ കത്തിക്കുക എന്ന ലക്ഷ്യം പാളി. അപ്രതീക്ഷിതമായി പൊലീസ് പട്രോളിങ് സംഘം സ്ഥലത്ത് എത്തിയതും ഓപ്പറേഷന് തിരിച്ചടിയായി.
പൊലീസ് എത്തുമ്പോള്‍ കാറിനു സമീപം തീ പടരുന്നത് ഷിജു വര്‍ഗീസ് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. എന്നാല്‍, തീയണയ്ക്കാന്‍ ഇയാള്‍ ശ്രമിച്ചില്ല. പൊലീസും പ്രദേശ വാസികളും ചേര്‍ന്നാണ് തീയണച്ചത്. ചില മാധ്യമ പ്രവര്‍ത്തകരുടെ ഫോണിലേക്ക് കാറിനു സമീപം തീ പടരുന്ന ദൃശ്യം ആറരയോടെ ഷിജു അയച്ചു കൊടുത്തു. മണ്ഡലത്തിലെ ബൂത്ത് ഓഫീസുകള്‍ സന്ദര്‍ശിക്കുന്നതിനാണ് പുലര്‍ച്ചെ കാറില്‍ സഞ്ചരിച്ചതെന്ന് ഷിജു മാധ്യമ പ്രവര്‍ത്തകരോടും പൊലീസിനോടും പറഞ്ഞത്.
എന്നാല്‍ മണ്ഡലത്തില്‍ ഒരിടത്തും ഷിജുവിന് ബൂത്ത് ഓഫീസ് ഉണ്ടായിരുന്നില്ല. ഷിജു കുണ്ടറയില്‍ എവിടെയും സ്ഥിരമായി താമസിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസം കൊട്ടിയത്തായിരുന്നു 15 അംഗസംഘം മുറിയെടുത്ത് താമസിച്ചത്.


