വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമായി കാണാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498എ പ്രകാരം സ്ത്രീയോടുള്ള ക്രൂരതയായി കാണാനാവില്ലെന്ന് നിരീക്ഷിച്ചാണ് ഗാര്‍ഹിക പീഡന കേസ് റദ്ദാക്കിയത്. ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിന്റേതാണ് ഉത്തരവ്.
‘വിവാഹിതയായ സ്ത്രീയോട് കുടുംബത്തിനായി വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍, വേലക്കാരിയെ പോലെയാണ് പരിഗണിക്കുന്നതെന്ന് പറയാനാവില്ല. വീട്ടുജോലികള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ലെങ്കില്‍ വിവാഹത്തിന് മുന്‍പ് പറയണം. അപ്പോള്‍ വരന് വിവാഹത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ കഴിയും. പാത്രങ്ങള്‍ കഴുകാനും വസ്ത്രങ്ങള്‍ കഴുകാനും അടിച്ചുവാരാനും ഭര്‍തൃവീട്ടില്‍ ജോലിക്കാരിയുണ്ടോയെന്ന കാര്യം യുവതിയുടെ പരാതിയില്‍ വ്യക്തമല്ല’- ജസ്റ്റിസ് വിഭ വി കങ്കന്‍വാടി, ജസ്റ്റിസ് രാജേഷ് എസ് പാട്ടീല്‍ എന്നിവരുടെ ബെഞ്ച് ഒക്ടോബര്‍ 21ന് നിരീക്ഷിച്ചു.
2019 ഡിസംബറില്‍ വിവാഹം കഴിഞ്ഞ് ഏകദേശം ഒരു മാസത്തിനു ശേഷം ഭര്‍ത്താവും ബന്ധുക്കളും വേലക്കാരിയോടെന്ന പോലെയാണ് പെരുമാറിയതെന്നാണ് യുവതിയുടെ ആരോപണം. കാര്‍ വാങ്ങാന്‍ ഭര്‍ത്താവ് തന്നോട് നാല് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു. അച്ഛന്റെ പക്കല്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. ഗാര്‍ഹിക പീഡനക്കേസില്‍ ഐപിസി സെക്ഷന്‍ 498 എ, 323, 504, 506 എന്നിവ പ്രകാരമാണ് കേസെടുത്തത്.
എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭര്‍ത്താവും സഹോദരിയും ഭര്‍തൃമാതാവും കോടതിയിലെത്തിയത്. അതേസമയം ‘ശാരീരികവും മാനസികവുമായ പീഡന’മെന്ന യുവതിയുടെ ആരോപണങ്ങള്‍ ശരിവെയ്ക്കാന്‍ തെളിവുകളുടെ അഭാവം കോടതി ചൂണ്ടിക്കാണിച്ചു. തുടര്‍ന്നാണ് ഗാര്‍ഹിക പീഡന കേസ് റദ്ദാക്കിയത്.


