കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റര്‍നെറ്റില്‍ തിരഞ്ഞവര്‍ക്കും പങ്കുവച്ചവര്‍ക്കുമെതിരെ ‘ഓപ്പറേഷന് പി ഹണ്ട്’ എന്ന പേരില്‍ കൊല്ലം സിറ്റി സൈബര്‍ സെല്ലും സിറ്റി സൈബര്‍ ക്രൈം പൊലീസും പരിശോധന നടത്തി. 21 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, ഡസ്ക്ടോപ്പ് തുടങ്ങി 25 ഉപകരണങ്ങള്‍ പിടച്ചെടുത്തു. ഇവ കോടതിയില്‍ ഹാജരാക്കി ഫോറന്‍സിക് പരിശോധനയ്ക്ക് ലാബിലേക്കയച്ചു.
കൊല്ലം സിറ്റി പരിധിയില്‍പ്പെട്ട ഇരവിപുരം, കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, കൊട്ടിയം ചാത്തന്നൂര്‍ എന്നീ പൊലീസ് സ്റ്റേഷന് പരിധികളില്‍ ഓരോ ഇടങ്ങളിലും കൊല്ലം ഈസ്റ്റ്, പരവൂര്‍ എന്നിവിടങ്ങളില്‍ മൂന്നിടങ്ങളിലും കിളികൊല്ലൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ അഞ്ചിടങ്ങളിലുമാണ് പരിശോധന നടന്നത്. സൈബറിടങ്ങളില്‍ കുട്ടികളെ സംബന്ധിച്ച അശ്ലീലം തിരഞ്ഞവരാണ് പൊലീസ് നടപടിക്ക് വിധേയരായത്.
ജില്ലാ സൈബര്‍ വിഭാഗം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പോലീസ് സ്റ്റേഷനുകളുടെ സഹകരണത്തോടെ സംയുക്തമായാണ് പരിശോധനകള്‍ നടത്തിയത്. എം.ബി.എക്കാര്‍, വിദ്യാര്‍ത്ഥികള്‍, പ്ലംബര്‍മാര്‍, ഹോട്ടല്‍ ജീവനക്കാര്‍, ഇലക്ട്രിഷ്യന്‍, മേസ്തിരി പണിക്കാര്, സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍, വെല്‍ഡിംഗ് തൊഴിലാളി, വഴിയോര കച്ചവടക്കാര്‍ എന്നിവര്‍ കുട്ടികളുടെ നഗ്നചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. ഫോറന്‍സിക് പരിശോധന ഫലം വന്ന ശേഷം അറസ്റ്റുകള്‍ ഉണ്ടാവുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ടി. നാരായണന് അറിയിച്ചു.


