കാക്കനാട് ലഹരിമരുന്ന് കേസില്‍ അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക്. പ്രതികളുമായി തമിഴ്നാട്ടിലും പുതുച്ചേരിയിലും തെളിവെടുപ്പ് നടത്തും. ആദ്യ അന്വേഷണ സംഘം വിട്ടയച്ച യുവതിയുടെ പങ്കിനെ കുറിച്ച് ശാസ്ത്രീയ അന്വേഷണം നടത്തും. യുവതിയെ പ്രതിചേര്‍ക്കാന്‍ എക്സൈസ് തീരുമാനിച്ചു. കേസ് അന്വേഷണം പോണ്ടിച്ചേരി, ഗോവ, ബംഗളൂരു എന്നിവിടങ്ങളിലേക്കും വ്യപിപ്പിച്ചു.
കൊവിഡ് കാലത്തും പ്രതികള്‍ ഡിജെ ലഹരി പാര്‍ട്ടികള്‍ നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി. എറണാകുളം ജില്ലയിലെ നാല് കേന്ദ്രങ്ങളിലാണ് പ്രതികള്‍ ലഹരി ഡിജെ പാര്‍ട്ടികള്‍ നടത്തിയത്. പത്ത് പേരില്‍ താഴെ മാത്രം പങ്കെടുത്ത ചെറു ലഹരി പാര്‍ട്ടികളായിരുന്നു അതെന്ന് അന്വേഷണ സംഘം പറയുന്നു.
അതേസമയം കൊച്ചി എംഡിഎംഎ കേസിലെ അഞ്ച് പ്രതികളെയും എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി പ്രതികള്‍ക്ക് അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. കാക്കനാട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നാണ് എക്സൈസ്, കസ്റ്റംസ് സംയുക്ത ഓപ്പറേഷനില്‍ അഞ്ചംഗ സംഘം പിടിയിലായത്.
പ്രതികളുടെ കാറിലും താമസ സ്ഥലത്തും രണ്ട് തവണയായി നടത്തിയ റെയ്ഡിലും ഒരു കിലോയിലേറെ എംഡിഎഎയും കണ്ടെത്തിയിരുന്നു. പിടികൂടിയ മയക്കുമരുന്ന് ചെന്നൈയില്‍ നിന്നാണ് എത്തിച്ചതെന്ന് പ്രതികള്‍ മൊഴിയും നല്‍കിയിരുന്നു.


