കോഴിക്കോട് വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റാന്‍ ശ്രമം. തിരുവമ്പാടി- കോഴിക്കോട് റോഡില്‍ മലയമ്മയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സ്കൂളിലേക്ക് പോവുന്ന വിദ്യാര്‍ഥികളെ സ്വകാര്യ ബസുകള്‍ സ്ഥിരമായി കയറ്റാതെ പോവുന്നത് പതിവായതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആദ്യം പോയ ബസ് തടഞ്ഞു നിര്‍ത്തി കാര്യങ്ങള്‍ പറഞ്ഞ് വിദ്യാര്‍ഥികളെ കയറ്റിവിട്ടു.
പിന്നാലെ വന്ന ‘ബജബ’ എന്ന ബസ്സും സമാന രീതിയില്‍ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചത്. പലപ്പോഴും വിദ്യാര്‍ഥികളെ കയറ്റണം എന്നാവശ്യപ്പെട്ടിരുന്നെങ്കിലും ഇത് ചെവിക്കൊണ്ടിരുന്നില്ല. ഇതോടെയായിരുന്നു ഇന്നത്തെ പ്രതിഷേധം.
ബസ് ഇടതുവശം ചേര്‍ന്നാണ് വരുന്നത്. പക്ഷേ, പ്രതിഷേധക്കാരെ കണ്ടതോടെ ബസ് ഡ്രൈവര്‍ വാഹനം ഇടത്തേക്ക് വെട്ടിച്ച് പ്രതിഷേധക്കാരുടെ ഇടയിലേക്ക് ബസ് ഓടിച്ചു കയറ്റാനുള്ള ശ്രമം നടത്തുന്നത് വിഡിയോയില്‍ കാണാം. പ്രതിഷേധക്കാര്‍ ഓടിമാറുന്നതും വിഡിയോയില്‍ കാണാം. അവര്‍ ഓടിയില്ലെങ്കില്‍ ഒരുപക്ഷേ ബസ് അവരുടെ മേല്‍ ഓടി കയറിയേനെ.
യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ കുന്നമംഗലം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്.


