ആലപ്പുഴ: ചെങ്ങന്നൂരിൽ ഭാര്യാകാമുകന്‍ നേരേ ആക്രമണം. ജനനേന്ദ്രിയത്തില്‍ വെടിയേറ്റ യുവാവ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോട്ടയം വടവാതൂര്‍ സ്വദേശിയായ പ്രദീപിനായാണ് പോലീസ് തെരച്ചില്‍ നടത്തുന്നത്.
പ്രദീപിൻ്റെ ഭാര്യ മറ്റൊരു യുവാവിനൊപ്പം ചെങ്ങന്നൂര്‍ മുണ്ടന്‍കാവില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇവിടെയെത്തിയ പ്രദീപ് ഭാര്യയെ തിരികെക്കൊണ്ടു പോകുന്നതിനായി എത്തിയതായിരുന്നു തുടർന്ന് രണ്ടു പേരും തമ്മിൽ തര്‍ക്കമുണ്ടായി. ഈ സമയം പ്രദീപ് എയര്‍ഗണ്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
വെടിയേറ്റ യുവാവ് നേരത്തെ രണ്ടു തവണ വിവാഹിതനായ ആളാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെത്തുടര്‍ന്ന് പ്രദീപ് ഒളിവിലാണ്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതിൻ്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി സി.ഐ: ജോസ് മാത്യു പറഞ്ഞു.


