കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫിന്ന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത എംഎസ്എഫ് മുന്‍സിപ്പല്‍ പ്രസിഡന്റ് ഹസ്സന്, മുണ്ടത്തോട് സ്വദേശി ആഷിര്‍ എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രാത്രി രേഖപ്പെടുത്തിയത്. ഔഫിനെ കൊലപ്പെടുത്താന്‍ ഒന്നാം പ്രതിയായ യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദിനെ ഇരുവരും സഹായിച്ചെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
അറസ്റ്റിലായ മൂന്ന് പേരാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസ് നിഗമനം. ഇന്നലെ റിമാന്‍ഡിലായ ഇര്‍ഷാദിനെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് പരിയാരത്തേക്ക് കൊണ്ടുപോയത്.
കൊല നടന്ന ആദ്യദിവസം ഇത് രാഷ്ട്രീയകൊലപാതകമാണെന്ന് പറയാതിരുന്ന പൊലീസ് വെള്ളിയാഴ്ച അത് സ്ഥിരീകരിച്ചു. വോട്ടെണ്ണലിന് പിന്നാലെ പ്രദേശത്തുണ്ടായ മുസ്ലിം ലീഗ് – ഡിവൈഎഫ്ഐ പ്രാദേശിക സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കൊലപാതകമെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്പ ഐപിഎസ് വ്യക്തമാക്കി. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഇന്നലെ ഉത്തരവുമിറങ്ങി.
ഓഫ് കൊല്ലപ്പെട്ട ദിവസം തലക്ക് പരിക്കേറ്റ് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ വെള്ളിയാഴ്ച രാത്രിയാണ് കസ്റ്റഡിയില്‍ എടുത്തത്. ഔഫിനെ കുത്തിയത് താനാണെന്ന് ഇര്‍ഷാദ് സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മാധ്യമങ്ങളോട് ഇര്‍ഷാദ് കുറ്റം നിഷേധിച്ചു.
കൂടുതല്‍ പ്രതികളുണ്ടെന്നും കേസിലെ ഗൂഢാലോചന സമഗ്രമായി അന്വേഷിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൃദയധമനിയില്‍ കുത്തേറ്റതാണ് ഔഫിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ലീഗ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തുടര്‍സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.


