ദോഹ: ബന്ധു ഒരുക്കിയ ഹണിമൂണ്‍ യാത്ര ആഘോഷിക്കാന്‍ ഖത്തറിലേക്ക് പുറപ്പെട്ട ഒനീബയും ഷരീഖും ഇങ്ങനെയൊരു ചതി പറ്റുമെന്ന് ഒരിക്കല്‍പ്പോലും കരുതിയിരുന്നില്ല. 2019 ജുലൈ ആറിനാണ് ദമ്പതികള്‍ മുംബൈ വിമാനത്താവളത്തില്‍ നിന്നും ഖത്തറിലേക്ക് പറന്നത്. ചെന്നിറങ്ങിയ ഉടന്‍ ഇരുവരും പോലീസിന്റെ പിടിയിലായി. കാരണമറിയാതെ അമ്പരന്ന ദമ്പതികള്‍ക്ക് മുന്നിലേക്ക് അവരുടെ ബാഗില്‍ നിന്നും കണ്ടെത്തിയ പൊതി പോലീസ് എടുത്തുവെച്ചു.
മധുവിധു യാത്രയുടെ മുഴുവന്‍ ചെലവും വഹിക്കാമെന്നായിരുന്നു ബന്ധുവിന്റെ വാഗ്ദാനം. തന്റെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന വേളയിലാണ് ഒനീബയുടെ ബന്ധു യാത്ര വാഗ്ദാനം ചെയ്തത്. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഇരുവരും നിമിഷങ്ങള്‍ക്കുള്ളില്‍ പിടിയിലായി. പോലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ ബാഗില്‍ നിന്നും നാല് കിലോ ഗ്രാം ഹാഷിഷ് പോലീസ് കണ്ടെത്തി, വിമാനത്താവളത്തില്‍ നിന്നും ജയിലിലേക്കാണ് ഇരുവരേയും കൊണ്ടുപോയത്.
ഹണിമൂണ്‍ യാത്ര വാഗ്ദാനം ചെയ്ത ബന്ധു തന്റെ സുഹൃത്തിന് നല്കാന് ഏല്‍പ്പിച്ചതായിരുന്നു പൊതി. മയക്കുമരുന്ന് കടത്തിയ കേസില്‍ ഒനീബയ്ക്കും ഷരീഖിനും പത്ത് വര്‍ഷം തടവും ഒരു കോടി രൂപ പിഴയും കോടതി വിധിച്ചു. എന്നാല്‍ മുംബൈ പോലീസും നാര്‍ക്കോട്ടിക് സെല്‍ ബ്യൂറോയും (എന്‍സിബി) നടത്തിയ അന്വേഷണത്തില്‍ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. ദമ്പതികള്‍ നിരപരാധികളാണെന്നും ഒനീബയുടെ ബന്ധു തബസ്സം ഇവരെ ചതിച്ചതാണെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍.
എന്‍സിബി നടത്തിയ അന്വേഷണത്തില്‍ തബസ്സവും കൂട്ടാളി നിസാം കാരയും പോലീസിന്റെ പിടിയിലായി. പിടിയിലാകുമ്പോള്‍ ഇവരില്‍ നിന്നും 13 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായാണ് എന്‍സിബി വ്യക്തമാക്കുന്നത്. ദമ്പതികള്‍ നിരപരാധികളാണെന്ന് കണ്ടെത്തിയതോടെ ഇരുവരുടേയും ജയില്‍ മോചനത്തിനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. നയതന്ത്ര മാര്‍ഗത്തിലൂടെ ഖത്തറിനെ സമീപിക്കാനാണ് എന്‍സിബിയുടെ തീരുമാനം.
‘എന്റെ മകള്‍ മാര്‍ച്ചില്‍ വിദേശത്തുവെച്ച് കുഞ്ഞിന് ജന്മം നല്കി. കുഞ്ഞിന്റെ മുഖം ഒന്നു കാണാന്‍ പോലും ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.’ ഒനീബയുടെ മാതാവ് പ്രവീണ്‍ പറഞ്ഞു. ഖത്തര്‍ എംബസിക്ക് നിരവധി കത്തുകള്‍ എഴുതിയെങ്കിലും അനുകൂല പ്രതികരണം ഉണ്ടായിരുന്നില്ലെന്ന് പ്രവീണ്‍ വ്യക്തമാക്കി. എന്‍സിബിയും മുംബൈ പോലീസും നടത്തിയ അന്വേഷണത്തിലൂടെ ദമ്പതികളുടെ മോചനം ഉടന്‍ സാധ്യമാകുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്.