എകെജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെ കോടതിയില്‍ ഹാജരാക്കി. തെളിവെടുപ്പ് പൂര്‍ത്തിയായതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കൃത്യം നടത്തുമ്പോള്‍ ധരിച്ചിരുന്ന ടീ ഷര്‍ട്ട് കായലില്‍ ഉപേക്ഷിച്ചെന്ന് പ്രതി പറഞ്ഞതായി അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞു.
ജിതിന് ധരിച്ചിരുന്ന ഷൂസ് ക്രൈംബ്രാഞ്ച് കണ്ടെടുത്തു. കസ്റ്റഡി കാലാവധി കഴിഞ്ഞ ജിതിനെ കോടതി അടുത്ത മാസം ആറുവരെ റിമാന്‍ഡ് ചെയ്തു. നാളെ ജാമ്യാപേക്ഷ പരിഗണിക്കും.
സ്ഫോടകവസ്തു എറിയുന്ന സമയത്ത് പ്രതി ധരിച്ചിരുന്ന ടീ ഷര്‍ട്ട് വാങ്ങിയ കടയില്‍ പ്രതിയുമായെത്തി പൊലീസ് തെളിവെടുത്തിരുന്നു. എന്നാല്‍ ടീ ഷര്‍ട്ട് പൊലീസിന് കണ്ടെത്താനായില്ല. വേളി കായലില്‍ പ്രതി ഇത് ഉപേക്ഷിച്ചെന്നും അന്വേഷണ സംഘം പറഞ്ഞു. ആക്രമണം നടത്താന്‍ ഉപയോഗിച്ച സ്കൂട്ടര്‍ കണ്ടെത്തിയിട്ടില്ലെന്നും ചില സൂചനകള്‍ ലഭിച്ചതായും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.