മധ്യപ്രദേശിലെ ജബല്പൂരില് 16 വയസുള്ള ബന്ധുവിനെയും 65 കാരിയായ മുത്തശ്ശിയെയും ബലാത്സംഗം ചെയ്ത രണ്ട് സഹോദരന്മാര് അറസ്റ്റില്‍. കൗമാരക്കാരിയെ അടുത്തിടെ റാഞ്ചിയില്‍ വെച്ച് ബലാത്സംഗത്തിനിരയാക്കിയ ശേഷം പ്രതികള്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആഗസ്റ്റ് 20 ന് ആശുപത്രിയില്‍ വെച്ച് മരിച്ചതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ദിലീപ് ഷെന്‍ഡെ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
രക്ഷാബന്ധനത്തിനായി മുംബൈയില്‍ നിന്ന് ഇവിടെയെത്തിയതായിരുന്നു പെണ്‍കുട്ടി. സഹോദരി പുത്രന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയ പിതാവാണ് മകളുടെ മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് റാഞ്ചി പൊലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ തന്നെയും ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടിയുടെ മുത്തശ്ശി മൊഴി നല്‍കുകയും ചെയ്തു. വ്യാഴാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ സഹോദരന്മാര്ക്കെതിരെ പോക്സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.


