കൊച്ചി: ആറ്റിങ്ങലില്‍ എട്ട് വയസ്സുകാരിയെ പരസ്യ വിചാരണ നടത്തി അപമാനിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ. പെണ്‍കുട്ടിക്കും പിതാവിനുമായി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവും നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കോടതി നിര്‍ദേശിച്ച നഷ്ടപരിഹാര തുകയില്‍ ഇളവ് വരുത്താന്‍ തയ്യാറല്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് അറിയിച്ചു.
നഷ്ടപരിഹാര തുക കൈമാറാന്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ അക്കൗണ്ട് നമ്പര്‍ ലഭ്യമാക്കണമെന്നും ഉദ്യോഗസ്ഥ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. പിതാവ് വിസമ്മതം അറിയിച്ചതോടെ ഹര്‍ജിയില്‍ വിശദ വാദം കേള്‍ക്കുന്നത് സെപ്തംബര്‍ അവസാന വാരത്തിലേക്ക് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് മാറ്റി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം കുറക്കാനുള്ള ആവശ്യം ഉദ്യോഗസ്ഥ ഉന്നയിച്ചത്.
മൊബൈല്‍ ഫോണ്‍ കാണാതെ പോയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റായ നടപടിക്ക് സര്‍ക്കാറിന് മേല്‍ നഷ്ടപരിഹാര ബാധ്യത ചുമത്തിയത് ന്യായമല്ല. കോടതി വിധി നിയമപരമായി നിലനില്‍ക്കില്ല എന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
നഷ്ടപരിഹാരവും കോടതി ചെലവും സര്‍ക്കാര്‍ നല്‍കിയശേഷം ഉദ്യോഗസ്ഥയില്‍ നിന്ന് തിരിച്ചു പിടിക്കാനുള്ള ഉത്തരവാണ് ഡിസംബര്‍ 22ന് സിംഗിള്‍ബെഞ്ച് പുറപ്പെടുവിച്ചത്. മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ. 2021 ആഗസ്റ്റ് 27ന് ഐഎസ്ആര്‍ഒയുടെ വലിയ വാഹനം കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശിയെയും എട്ടുവയസ്സുകാരി മകളെയുമാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചത്.
അച്ഛനും മകളും തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത ആരോപിച്ചത്. കുട്ടിയെ മോഷ്ടാവെന്ന് വിളിച്ച് അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കോടതി വിധിച്ചിരുന്നു.


