സിഎസ്ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു. ഇഡി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനും നിര്‍ദേശമുണ്ട്. പ്രൊട്ടസ്റ്റന്റ് സഭകളുടെ മേലധ്യക്ഷ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യുകെയിലേക്ക് പോകാനായിരുന്നു ബിഷപ്പ് വിമാനത്താവളത്തിലെത്തിയത്.
സിഎസ്ഐ ആസ്ഥാനത്ത് ഉള്‍പ്പടെ നാലിടത്ത് തിങ്കളാഴ്ച ഇഡി പരിശോധന നടത്തിയിരുന്നു. 13 മണിക്കൂറായിരുന്നു പരിശോധനകള്‍ നീണ്ടു നിന്നത്. മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് തലവരിപ്പണം വാങ്ങിയതിനും മറ്റ് സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലുമായിരുന്നു നടപടി.
ചോദ്യം ചെയ്യാന്‍ നേരത്തെയും ഇഡി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ബിഷപ്പ് അടക്കമുള്ളവര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നായിരുന്നു പരിശോധന. പാളയം എല്‍എംഎസിലെ ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ ഓഫീസ്, കാരക്കോണം മെഡിക്കല്‍ കോളേജ് ഓഫീസ്, ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന്റെ ശ്രീകാര്യം ഗാന്ധിപുരത്തെ വീട്, സഭാ സെക്രട്ടറി പ്രവീണിന്റെ നെയ്യാറ്റിന്‍കരയിലെ വീട് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.


