കണ്ണൂര്‍: വാഹന പരിശോധനക്കിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച ലോറി ഡ്രൈവര്‍ അറസ്റ്റില്‍. കണ്ണൂര്‍ ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം എം.വി.ഐ ഇ. ജയറാമിനെയാണ് ഇയാൾ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സംഭവത്തില്‍ വാരം സ്വദേശി വി.കെ. ജിതിനെ മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ ഓടിച്ചിരുന്ന ലോറി പോലീസ് പിടിച്ചെടുത്തു. നികുതി അടക്കാതെയും അമിതഭാരം കയറ്റിയും സര്‍വിസ് നടത്തിയത് തടയാൻ ശ്രമിക്കുമ്പോൾ ആയിരുന്നു സംഭവം. ലോറിയുമായി ഇയാൾ ടിപ്പര്‍ സ്റ്റേഷനിലേക്ക് പോകുന്നതിനിടയില്‍ ഇന്‍സ്പെക്ടറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. തുടര്‍ന്ന് ഇയാള്‍ പൊതുനിരത്തില്‍ വാഹനമുപേക്ഷിച്ച് ഗതാഗത തടസ്സമുണ്ടാക്കി കടന്നുകളയാന്‍ ശ്രമിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.


