കൊച്ചി : ഞാറക്കലില്‍ മൂന്നംഗ കുടുംബത്തിലെ രണ്ടുപേരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി 8.45ന് കൈത്തണ്ട മുറിഞ്ഞനിലയിലാണ് മൂവരെയും കണ്ടെത്തിയത്. പള്ളിക്ക് കിഴക്ക് ന്യൂറോഡില്‍ മൂക്കുങ്കല്‍ പരേതനായ വര്‍ഗീസിന്റെ മക്കളായ ജോസ് (51), ജെസി (49) എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ഇവരുടെ അമ്മ ഞാറക്കല്‍ സെന്റ്മേരീസ് യുപി സ്കൂള്‍ റിട്ടയര്‍ അധ്യാപിക റീത്തയെ (80) എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് ദിവസമായി വീട്ടില്‍നിന്ന് അനക്കമൊന്നും കേള്‍ക്കാനില്ലാത്തതിനാല്‍ സംശയം തോന്നിയ അയല്‍വാസികള്‍ വാര്‍ഡ് മെന്പര് എ.പി. ലാലുവിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഞാറക്കല്‍ എസ്ഐ എ.കെ. സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ ജോസും ജെസിയും ഒരുമുറിയില്‍ മരിച്ചുകിടക്കുന്നതും അമ്മ റീത്ത മറ്റൊരു മുറിയില്‍ അവശയായി കിടക്കുന്നതും കാണുകയായിരുന്നു.
മുറിയുടെ ജനലിനോട് ചേര്‍ന്ന് കിടന്നിരുന്ന ജോസിന്റെയും ജെസിയുടെയും കഴുത്തില്‍ ചരടുകൊണ്ട് കുരുക്കിട്ടിരുന്നു. ഇരുവരുടെയും മരണം എന്നാണു നടന്നതെന്നു വ്യക്തമല്ല. മുറിക്കുള്ളിലെ രക്തപ്പാടുകള്‍ ഉണങ്ങിയ നിലയിലാണ്.
മൂവരും മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ നടത്തിവന്നിരുന്നതായി പോലീസ് അറിയിച്ചു.
മൃതദേഹം വീടിനുള്ളില്‍തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഫോറന്‍സിക് വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ച് ഇന്‍ക്വസ്റ്റ് നടത്തിയശേഷമേ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റൂ. ഞാറക്കല്‍ സെന്റ്മേരീസ് സ്കൂള്‍ അധ്യാപികയായ മരിച്ച ജെസി ദീര്‍ഘകാല അവധിയെടുത്തിരിക്കുകയായിരുന്നു.


