ഉത്തര്‍പ്രദേശിലെ സംബലില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 16 കാരി മരിച്ച നിലയില്‍. പ്രതികള്‍ ഒത്തുതീര്‍പ്പിനു സമ്മര്‍ദ്ദം ചെലുത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡന പരാതിയില്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആഗസ്ത് 15ന് സംബല് ജില്ലയിലെ കുര്‍ഹ്ഫത്തേഗഡ് പൊലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയത്. എന്നാല്‍, ഒരു നടപടികളും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കൂടാതെ പ്രതികളുടെ കുടുംബം കേസ് ഒത്തുതീര്‍പ്പാക്കാന്‍ പെണ്‍കുട്ടിക്ക് മേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും കുടുംബം ആരോപിക്കുന്നു. പൊലീസ് പ്രതികളില്‍ നിന്ന് പണം വാങ്ങിയ ശേഷം കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഒരുമാസം മുന്‍പായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ ബലമായി അടുത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി ദിവസങ്ങള്‍ക്ക് ശേഷമാണ് വീട്ടുകാരോട് വിവരം പറയുന്നത്. പിന്നാലെ, പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
ഇപ്പോള്‍ പെണ്‍കുട്ടിയുടെ മരണവിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിരേഷ് എന്നയാളാണ് അറസ്റ്റിലായത്. മൂന്ന് പേര് ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ജിനേഷ്, സുവേന്ദ്ര, ബിപിന്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സുവേന്ദ്രയാണ് രാത്രി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ട് പോയത്.


