ബംഗളൂരു: മലയാളിയായ റോയിട്ടേഴ്സിലെ യുവ മാധ്യമ പ്രവര്‍ത്തക ബംഗളൂരുവില്‍ തൂങ്ങി മരിച്ച സംഭവത്തിനു പിന്നില്‍ ഭര്‍തൃ പീഡനം എന്നു എഫ്ഐആര്‍. കഴിഞ്ഞ ദിവസം ആയിരുന്നു കാസര്‍ഗോഡ് വിദ്യാ നഗര്‍ സ്വദേശി ശ്രുതിയെ ബെംഗളൂരു വിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിനു പിന്നാലെ ശ്രുതിയുടെ ഭര്‍ത്താവ് അനീഷിനു എതിരെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ ആണ് യുവതി ഭര്‍തൃ പീഡനം നേരിട്ടിരുന്നത് ആയി എഫ്ഐആറും സ്ഥീരികരിക്കുന്നത്.
ശ്രുതിയെ ഭര്‍ത്താവ് അനീഷ് നിരന്തരം മര്‍ദിച്ചിരുന്നു എന്നും ബെംഗളൂരു പൊലീസ് ചൂണ്ടിക്കാട്ടുന്നു. ശ്രുതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. യുവതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടെന്നും എഫ്ഐആറില്‍ പരാമര്‍ശം ഉണ്ട്. ശ്രുതിയെ നിരീക്ഷിക്കാന്‍ മുറിക്കുളില്‍ സി സി ടി വി ഉള്‍പ്പെടെ സ്ഥാപിച്ചിരുന്നു എന്നും എഫ്ഐആര്‍ പറയുന്നു. ‘റോയിട്ടേഴ്സ്’ ബംഗളൂരു ഓഫീസില്‍ സബ് എഡിറ്ററാണ് ശ്രുതി.
കാസര്‍ഗോഡ് വിദ്യാനഗര്‍ ചാല റോഡ് ‘ശ്രുതിനിലയ’ത്തില്‍ ശ്രുതി (28). ബംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു ശ്രുതിയും ഭര്‍ത്താവ് അനീഷും താമസിച്ചിരുന്നത്. ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം തളിപ്പറമ്പിനടുത്ത ചുഴലിയിലെ വീട്ടിലായിരുന്നു ഭര്‍ത്താവ് അനീഷ്. നാട്ടില്‍ നിന്ന് അമ്മ ഫോണ്‍ വിളിച്ചിട്ട് പ്രതികരണമുണ്ടാവത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബംഗളൂരുവില്‍ എന്‍ജിനീയറായ സഹോദരന് നിശാന്ത് അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റിയോട് ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് മുറിയിലെത്തി പരിശോധിച്ചത്. ഈ സമയം മുറി അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് എത്തിയപ്പോഴാണ് മുറിക്കുള്ളില്‍ ശ്രുതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
അഞ്ചു വര്‍ഷം മുന്‍പായിരുന്നു ശ്രുതിയുടെ വിവാഹം നടന്നത്. വിദ്യാനഗര്‍ ചാല റോഡില്‍ താമസിക്കുന്ന മുന്‍ അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ നാരായണന് പേരിയയുടെയും മുന്‍ അധ്യാപിക സത്യഭാമയുടെയും മകളാണ്.


