ആര്‍ടി ഓഫിസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജി തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നു.
വ്ലോഗര്‍ സഹോദരന്മാരുടെ വീഡിയോകള്‍ ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് പ്രതികള്‍ക്ക് കഞ്ചാവ് ബന്ധമുള്‍പ്പെടെ അന്വേഷണ വിധേയമക്കണമെന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചിരുന്നത്.
കളക്ടറേറ്റില്‍ ആര്.ടി.ഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിനായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇവരുടെ വാന്‍ കണ്ണൂര്‍ ആര്.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഇവരെ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ഇരുവര്‍ക്കും ജാമ്യം ലഭിച്ചു.
ഇ ബുള്‍ ജെറ്റ് വാഹനത്തില്‍ കണ്ടെത്തിയത് കടുത്ത നിയമ ലംഘനങ്ങളെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പദ്മലാല്‍ പറഞ്ഞു. തെറ്റുകള്‍ തിരുത്താന്‍ ഇ ചലാന്‍ വഴി സമയം കൊടുത്തിരുന്നുവെന്നും പദ്മലാല്‍ പറഞ്ഞു. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. ആഡംബര നികുതിയില്‍ വന്ന വ്യത്യാസം ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു.
വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളി നില്ക്കുന്ന പാര്‍ട്ട്സ് പാടില്ല എന്നാണ് നിയമം. എന്നാല്‍ ഈ നിയമവും ഇ-ബുള്‍ജെറ്റ് ലംഘിച്ചിട്ടുണ്ട്. അംഗീകൃത വാഹനങ്ങളില്‍ മാത്രമേ സെര്‍ച്ച് ലൈറ്റ് പാടുള്ളൂ. പക്ഷേ വാഹനത്തില്‍ അതും കണ്ടെത്തിയിട്ടുണ്ടെന്ന് എംവിഐ പദ്മലാല്‍ ചൂണ്ടിക്കാട്ടി.


