ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് പ്രകോപനപരമായ വീഡിയോ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തു. സാമൂഹ്യ മധ്യമങ്ങള്‍ വഴി കലാപത്തിന് ആഹ്വാനം ചെയ്തു എന്നതിനാണ് കേസ്. പ്രകോപനപരമായ വീഡിയോ അപ്ലോഡ് ചെയ്തവരെ സംബന്ധിച്ച് പൊലീസ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. അതേസമയം ഇരിട്ടി കിളിയന്തറ സ്വദേശികളായ ലിബിനിന്റെയും എബിന്റെയും ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഈ മാസം 24 ന് വിശദമായി വാദം കേള്‍ക്കും.
ഇ ബുള്‍ ജെറ്റ് വിവാദത്തില്‍ സമൂഹ മാധ്യമങ്ങളിലെ ആരാധകരുടെ നിയമവിരുദ്ധ കമന്റുകള്‍ പരിശോധിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര് ഇളങ്കോ നേരത്തെ തന്നെ അറിയിച്ചിരുന്നു. പരസ്യമായി അസഭ്യം പറയുന്നത് കുട്ടികളായാലും കര്‍ശന നടപടിയെടുക്കുമെന്ന് കമ്മീഷ്ണര്‍ പറഞ്ഞിരുന്നു.
കളക്ടറേറ്റില്‍ ആര്.ടി.ഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിനായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഇവരെ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ഇരുവര്‍ക്കും ജാമ്യം ലഭിച്ചു.
ഇ ബുള്‍ ജെറ്റ് വാഹനത്തില്‍ കണ്ടെത്തിയത് കടുത്ത നിയമ ലംഘനങ്ങളെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പദ്മലാല്‍ പറഞ്ഞു. തെറ്റുകള്‍ തിരുത്താന്‍ ഇ ചലാന്‍ വഴി സമയം കൊടുത്തിരുന്നുവെന്നും പദ്മലാല്‍ പറഞ്ഞു. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്.
ആഡംബര നികുതിയില്‍ വന്ന വ്യത്യാസം ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനില്ക്കുന്ന പാര്‍ട്ട്സ് പാടില്ല എന്നാണ് നിയമം. എന്നാല്‍ ഈ നിയമവും ഇ-ബുള്‍ജെറ്റ് ലംഘിച്ചിട്ടുണ്ട്. അംഗീകൃത വാഹനങ്ങളില്‍ മാത്രമേ സെര്‍ച്ച് ലൈറ്റ് പാടുള്ളൂ. പക്ഷേ വാഹനത്തില്‍ അതും കണ്ടെത്തിയിട്ടുണ്ടെന്ന് എംവിഐ പദ്മലാല്‍ ചൂണ്ടിക്കാട്ടി.


