വീട്ടില്‍ വൃദ്ധരായ മാതാപിതാക്കളുണ്ടെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കോടതിയില്‍ ആവശ്യപ്പെട്ട് കിരണ്‍ കുമാര്‍. തെറ്റ് ചെയ്തിട്ടില്ലെന്നും പ്രായമായ പിതാവിന് അപകടം പറ്റാന്‍ സാധ്യതയുണ്ടെന്നുമാണ് കിരണ്‍കുമാര്‍ പറയുന്നത്. അച്ഛന് ഓര്‍മ്മക്കുറവും അമ്മയ്ക്ക് പ്രമേഹവുമുണ്ട്. അവരെ സംരക്ഷിക്കാന്‍ താനേയുള്ളൂ. കേസില്‍ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനാണ് പ്രോസിക്യൂഷന് ശ്രമിക്കുന്നത്.
വിസ്മയ കേസിന്റെ വിധി വരാനിരിക്കേ കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി വളപ്പില്‍ പൊലീസിനെ വിന്യസിച്ചു. അല്പ സമയത്തിനകം വിധി പുറത്തുവരും. കോടതിയില്‍ തടിച്ചു കൂടിയ നാട്ടുകാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. അതുകൊണ്ടു തന്നെയാണ് കോടതി വളപ്പില്‍ പൊലീസിനെ വിന്യസിച്ചിരിക്കുന്നത്.
വിസ്മയ കേസിന്റെ വിധി കേള്‍ക്കാന്‍ അച്ഛന് ത്രിവിക്രമന്‍ നായര്‍ കോടതിയിലേക്ക് തിരിച്ചത് മകള്‍ക്ക് നല്കിയ വാഹനത്തിലാണ്. വാഹനത്തിന്റെ ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. വിസ്മയയുടെ ആത്മാവ് തനിക്കൊപ്പം ഈ വിധി കേള്‍ക്കാന്‍ കോടതിയിലേക്ക് വരുന്നുണ്ടെന്ന വളരെ വൈകാരികമായ പ്രതികരണമാണ് ത്രിവിക്രമന്‍ നായര്‍ നടത്തിയത്. ഈ വാഹനം വാങ്ങാന്‍ മകളുമൊത്താണ് പോയതെന്നും അവള് ഇപ്പോഴും തങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറയുന്നു.
വിസ്മയ കേസിലെ വിധി സമൂഹത്തിനുള്ള സന്ദേശമാകണമെന്ന് അച്ഛന് ത്രിവിക്രമന്‍ നായരും അമ്മ സജിത വി നായരും ട്വന്റിഫോറിനോട് പറഞ്ഞു. 4,87, 000 വോയ്സ് ക്ലിപ്പുകളാണ് കിരണിന്റെ ഫോണില്‍ നിന്ന് സൈബര്‍ സെല്ലിന് ലഭിച്ചത്. ഓട്ടോമറ്റിക്കായി കോളുകള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്ന് അവന് അറിഞ്ഞില്ലായിരുന്നു. വോയ്സ് ക്ലിപ്പുകളനുസരിച്ച് ഇനിയും നിരവധി പ്രതികള്‍ വരും. അവരെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരാനാണ് ഇനിയുള്ള ശ്രമമെന്നും അച്ഛന് വ്യക്തമാക്കി.
കേസിന്റെ നാള്‍വഴി:
2019 മേയ് 31നായിരുന്നു ബി.എ.എം.എസ് വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയും മോട്ടോര്‍ വാഹന വകുപ്പില്‍ എ.എം.വി.ഐയായിരുന്ന കിരണ്‍ കുമാറുമായുള്ള വിവാഹം. ദാമ്പത്യ ജീവിതം തുടങ്ങി ആദ്യ മാസം മുതല്‍ തന്നെ സ്ത്രീധനത്തെ ചൊല്ലി കിരണ്‍ പീഡിപ്പിക്കുന്നുവെന്ന് വിസ്മയ മാതാപിതാക്കളോട് പരാതി പറഞ്ഞു. സഹോദരന് വിജിത്തിന്റെ വിവാഹത്തില്‍ കിരണ്‍ പങ്കെടുക്കാതിരിക്കുക കൂടി ചെയ്തതോടെ മാനസികമായി കൂടുതല്‍ അകന്നു. എന്നാല്‍ 2021 ജൂണ്‍ 17ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിസ്മയയെ കിരണ്‍ കോളജിലെത്തി അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
2021 ജൂണ്‍ 21ന് വിസ്മയയെ ശാസ്താംകോട്ട ശാസ്താം നടയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
2021 ജൂണ്‍ 22ന് വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് വിസ്മയയുടെ വാട്സ് ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തി
2021 ജൂണ്‍ 22ന് വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കിരണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി
2021 ആഗസ്റ്റ് 6ന് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
2021 സെപ്റ്റംബര്‍ 10ന് ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു
2022 ജനുവരി 10ന് കേസിന്റെ വിചാരണ തുടങ്ങി
2022 മാര്‍ച്ച് 2ന് കിരണ്‍ കുമാറിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു
2022 മെയ് 23ന് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ അഞ്ച് കുറ്റങ്ങള്‍ കിരണ്‍ ചെയ്തെന്ന് കോടതി കണ്ടെത്തി.


