കളമശേരിയില്‍ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അറസ്റ്റിലായ ജുനൈസിന്റെ സഹായി നിസാബാണ് അറസ്റ്റിലായത്. മണ്ണാര്‍ക്കാട് സ്വദേശിയാണ് നിസാബ്. വിലക്കുറവിലാണ് ഇറച്ചി നല്‍കിയത്. തമിഴ്നാട്ടില്‍ നിന്നാണ് ഇറച്ചി എത്തിച്ചതെന്നും ജുനൈസ് പൊലീസിന് മൊഴി നല്കി.
ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞു കൊണ്ടുതന്നെയാണ് എന്നാണ് ജുനൈസിന്റെ മൊഴി. കൊച്ചിയില്‍ 50 കടകളുമായി ഇടപാട് നടത്തിയിട്ടുണ്ട്. വീട്ടില്‍ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുമായി ഇടപാട് ഉണ്ടായിട്ടുണ്ട്.
ജുനൈസിനെ രണ്ട് മണിക്ക് കോടതിയില്‍ ഹാജരാക്കും. ജുനൈസിനെതിരെ ഐപിസി 328 വകുപ്പ് ചേര്‍ത്തു. ജീവന് അപകടമുണ്ടാവുമെന്നറിഞ്ഞ് മാരകമായ വിഷം നല്‍കുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് ഇത്. പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
500 കിലോ അഴുകിയ ഇറച്ചി പിടിച്ചെടുത്ത കളമശ്ശേരിയിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ 49 ഹോട്ടലുകളുടെ ബില്ലുകളാണ് നഗരസഭയ്ക്ക് ലഭിച്ചത്. ഇവര്‍ക്കൊപ്പം പൊലീസും നടത്തിയ പരിശോധനയില്‍ 55 ഹോട്ടലുകളുടെ ബില്ലുകള്‍ കൂടി പിടിച്ചെടുത്തത്.


