നടിയെ അക്രമിച്ച കേസില്‍ വിചാരണക്കോടതിക്ക് ആവശ്യമുണ്ടെങ്കില്‍ വിചാരണ സമയം നീട്ടാന്‍ ആവശ്യപ്പെട്ട് സമീപിക്കാമെന്ന് സുപ്രീംകോടതി. വിചാരണ സമയം നീട്ടണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ വിചാരണക്കോടതി ജഡ്ജിക്ക് വിവേചനാധികാരമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കി.
സര്‍ക്കാറിന്റെ ആവശ്യം തള്ളണമെന്ന് ദിലീപിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. വിചാരണക്ക് കൂടുതല്‍ സമയം വേണമെങ്കില്‍ ജഡ്ജിയാണ് അപേക്ഷ നല്‍കേണ്ടതെന്നും സര്‍ക്കാര്‍ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകനായ മുകുള്‍ റോഹ്തഗി പറഞ്ഞു.
പബ്ലിക് പോസിക്യൂട്ടറുടെ രാജിയുള്‍പ്പെടേ ഇതിനായുള്ള തന്ത്രമാണ്. വിചാരണ നീട്ടുന്നതിനെ ശക്തമായി എതിര്‍ത്ത റോഹ്തഗി ജഡ്ജിയെ മാറ്റാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോഴാണ് പുതിയ തന്ത്രങ്ങളെന്നും കോടതിയില്‍ പറഞ്ഞു. കേസില്‍ പുതിയ തെളിവുകള്‍ വരുന്നത് അവഗണിക്കാനാകില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു.
വിചാരണക്കോടതി ജഡ്ജി ആവശ്യപ്പെടുകയാണെങ്കില് സമയം നീട്ടി നല്‍കാമെന്ന് കോടതി അഭിപ്രായപ്പെട്ടു. ജഡ്ജിയില്‍ നിന്നും കോടതി റിപ്പോര്‍ട്ട് തേടും. കേസിന്റെ അന്വേഷണ പുരോഗതിയും നിലവിലെ നടപടിയും ഉള്‍ക്കൊള്ളിച്ച് റിപ്പോര്‍ട്ട് നല്‍കണം. വിചാരണ കോടതി ആവശ്യപ്പെട്ടാല്‍ മാത്രം വിചാരണ നീട്ടി നല്‍കും. സത്യസന്ധമായ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് അഭിപ്രായപ്പെട്ട കോടതി വിചാരണ കോടതിയുടെ ഭാഗത്ത് നിന്നും അത്തരം നടപടികളുണ്ടാകണമെന്നും പറഞ്ഞു.


