മംഗളൂരുവില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളിയെ മര്‍ദ്ദിച്ച് തല കീഴായി കെട്ടിത്തൂക്കി. സഹ മത്സ്യത്തൊഴിലാളികളാണ് യുവാവിനെ മര്‍ദ്ദിച്ച് ബോട്ടില്‍ കെട്ടിത്തൂക്കിയത്. മംഗളൂരുവിലെ തീരപ്രദേശമായ ബന്ദറിലാണ് സംഭവം.
ആന്ധ്രാപ്രദേശുകാരനായ വൈല ഷീനു എന്ന തൊഴിലാളിയാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. വീഡിയോയില്‍ ഷീനുവിന്റെ കാലുകള്‍ ബന്ധിച്ച് ക്രെയിനില്‍ തലകീഴായി തൂക്കിയ നിലയിലാണ്. അഞ്ചോ ആറോ മത്സ്യത്തൊഴിലാളികളും ചുറ്റും കൂടി നില്‍ക്കുന്നുണ്ട്. ഇവര്‍ ഷീനുവിനോട് മൊബൈല്‍ മോഷ്ടിച്ച കാര്യം സമ്മതിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.
തനിക്കു വേദനിക്കുന്നുവെന്ന് ഷീനു പറയുന്നുണ്ടെങ്കിലും അതൊന്നും ആരും ചെവിക്കൊള്ളുന്നില്ല. അവര്‍ കുറ്റം സമ്മതിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. ഫോണ്‍ മോഷ്ടിച്ചത് താനല്ലെന്നും ഷീനു പറയുന്നത് കേള്‍ക്കാം. അപ്പോള്‍ കൂട്ടത്തിലൊരാള്‍ ഷീനുവിനെ ചവിട്ടുന്നുണ്ട്.
സംഭവത്തിന്റെ വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മംഗളൂരു പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.


